ന്യൂഡല്‍ഹി> പെന്സിലിന്റെയും മാഗിയുടേയും വില വര്‍ധിപ്പിച്ചതിനെതിരെ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി ഒന്നാം ക്ലാസുകാരി. പെന്‍സില്‍ വില വര്‍ധിപ്പിച്ചതിനാല്‍ ആവശ്യാനുസരണം പെന്‍സില്‍ ലഭ്യമല്ലാത്ത സ്ഥിതിയാണ് തനിക്കുള്ളതെന്നും ചോദിക്കുമ്പോള്‍ അമ്മ തല്ലുന്നുവെന്നും പെണ്‍കുട്ടി പരാതി കത്തില്‍ പറയുന്നു. സംഭവം സോഷ്യല്‍ മീഡിയയിലും വൈറലായി. അതേസമയം, വിദ്യാര്‍ഥികളുടെ പഠനാവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ക്ക് പോലും കേന്ദ്രം വില വര്‍ധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നതിന്റെ നേര്‍ക്കാഴ്ച കൂടിയായിരുന്നു കത്തിലൂടെ രാജ്യം കണ്ടത്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന ആറുവയസുകാരി കൃതി ദുബെയാണ് മോഡിക്ക് കത്തെഴുതിയത്.
വിദ്യാര്‍ഥി കത്ത് ഇങ്ങനെ: ‘ എന്റെ പേര് കൃതി ദുബേ. ഞാന്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്നു. ചില സാധനങ്ങളുടെ വില വന്‍തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഞാനുപയോഗിക്കുന്ന പെന്‍സിലിന്റേയും റബ്ബറിന്റേയും വില പോലും കൂട്ടിയിരിക്കുന്നു. മാഗിയുടെ വിലയും കൂട്ടി. ഒരു പെന്‍സില്‍ ചോദിക്കുമ്പോള്‍ അമ്മ എന്നെ തല്ലുകയാണ്. ഞാനെന്ത് ചെയ്യണം. മറ്റ് വിദ്യാര്‍ഥികള്‍ എന്റെ പെന്‍സില്‍ മോഷ്ടിക്കുന്നുമുണ്ട്. 70 ഗ്രാമുള്ള ചെറിയ പാക്കറ്റ് മാഗിക്ക് 14 രൂപയായി വര്‍ധിപ്പിച്ചിരിക്കുന്നു. 32 ഗ്രാം പാക്കറ്റിന്റെ വില ഏഴായും വര്‍ധിപ്പിച്ചു’- കൃതി കത്തില്‍ പറഞ്ഞു.
അരൂണ്‍ ഹാരി എന്ന വ്യക്തിയാണ് കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് . ഉത്തര്‍പ്രദേശിലെ കനൗജ് സ്വദേശിയാണ് കൃതി