വെംബ്ലി
അരനൂറ്റാണ്ടായി ലോക ഫുട്ബോളിൽ ഒരു കിരീടത്തിനായുള്ള ഇംഗ്ലണ്ടിന്റെ കാത്തിരിപ്പിന് അവസാനം. എട്ടുതവണ ജേതാക്കളായ ജർമനിയെ അധികസമയ ഗോളിൽ വീഴ്ത്തി യൂറോ കപ്പ് വനിതാ ഫുട്ബോൾ സ്വന്തമാക്കി (2–-1). വെംബ്ലിയിൽ 87,192 കാണികളെ സാക്ഷിയാക്കിയായിരുന്നു കിരീടനേട്ടം. പകരക്കാരി ക്ലൊയി കെല്ലിയാണ് 110–-ാംമിനിറ്റിൽ വിജയഗോൾ കണ്ടെത്തിയത്. നിശ്ചിതസമയം ഇരുടീമുകളും 1–-1ന് സമനിലയിലായിരുന്നു. എല്ല ടൂണെയിലൂടെ ഇംഗ്ലണ്ടായിരുന്നു ലീഡെടുത്തത്. ലീന മഗുൽ ജർമനിക്കായി തിരിച്ചടിച്ചു.
1966ൽ പുരുഷ ലോകകപ്പിലാണ് ഇംഗ്ലണ്ട് അവസാനമായി രാജ്യാന്തര ഫുട്ബോളിൽ കിരീടം കുറിച്ചത്. കഴിഞ്ഞവട്ടം നെതർലൻഡ്സിനെ ചാമ്പ്യന്മാരാക്കിയ പരിശീലക സെറീന വീഗ്മാനുകീഴിലാണ് ഇത്തവണ ഇംഗ്ലണ്ട് എത്തിയത്. അവസാന 20 കളിയിലും തോൽവിയറിയാതെയാണ് മുന്നേറ്റം. ഒടുവിൽ ആദ്യ കിരീടവും. 2009ൽ ഫൈനലിൽ സ്വീഡനോട് തോറ്റിരുന്നു.