തിരുവനന്തപുരം
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം ഖാദിമേള ചൊവ്വാഴ്ച തുടങ്ങും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ സംസ്ഥാനതല ഉദ്ഘാടനവും ഖാദി ബോർഡ് രൂപകൽപ്പന ചെയ്ത ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
1000 രൂപയ്ക്കു മുകളിൽ ഖാദി ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് സമ്മാന പദ്ധതി കൂപ്പൺ വിതരണം മന്ത്രി ആന്റണി രാജു ഉദ്ഘാടനംചെയ്യും. പി ജയരാജൻ ഏറ്റുവാങ്ങും. 10 പവനാണ് ബമ്പർ സമ്മാനം. രണ്ടാം സമ്മാനം അഞ്ചു പവനും മൂന്നാം സമ്മാനം ഓരോ ജില്ലയിലും ഒരു പവൻവീതവും. ഡോക്ടർമാർക്കും നഴ്സുമാർക്കുമുള്ള കോട്ട് ചടങ്ങിൽ പുറത്തിറക്കും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. സെപ്തംബർ ഏഴുവരെയാണ് മേള.
ഖാദി തുണിത്തരങ്ങൾക്കൊപ്പം ചുരിദാർ ടോപ്പുകൾ, കുഞ്ഞുടുപ്പുകൾ, പാന്റ്സ് പീസ്, വിവാഹ വസ്ത്രങ്ങൾ, റെഡിമെയ്ഡ് ഷർട്ടുകൾ, പട്ടുസാരികൾ, ദോത്തികൾ, മെത്തകൾ, തേൻ, തേനുൽപ്പന്നങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, കരകൗശല ഉൽപ്പന്നങ്ങൾ തുടങ്ങിയവയുമുണ്ടാകും. പ്രധാന ഷോറൂമുകളിൽ ഡിസൈനറുടെ സേവനവും സ്റ്റിച്ചിങ്, ലോൺട്രി സൗകര്യവുണ്ടാകും. 30 ശതമാനം സർക്കാർ റിബേറ്റുണ്ട്.
ആഴ്ചയിലൊരിക്കൽ സർക്കാർ ജീവനക്കാർ ഖാദി ധരിക്കണമെന്ന നിർദേശം വിൽപ്പനയിൽ ചലനമുണ്ടാക്കിയതായി പി ജയരാജൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് 15ന് ഖാദി ഉപയോക്താക്കളുടെ സംഗമം ജില്ലാ ആസ്ഥാനങ്ങളിൽ നടക്കും. സ്ഥിരമായി ഖാദി ധരിക്കുന്നവരെ ചടങ്ങിൽ ആദരിക്കും. താൽപ്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9946698961.
സെക്രട്ടറി കെ എ രതീഷ്, ബോർഡ് അംഗങ്ങളായ കെ പി രണദിവെ, കെ എസ് രമേഷ് ബാബു, സാജൻ തോമസ്, മാർക്കറ്റിങ് ഡയറക്ടർ സി സുധാകരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഖാദി ഉപഭോക്താക്കളുടെ സംഗമവും ആദരിക്കലും ആഗസ്ത് 15ന്