ചെന്നൈ
ലോക ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യയുടെ ഓരോ പുരുഷ- വനിതാ ടീമുകൾക്ക് തോൽവി. ബാക്കി നാല് ഇന്ത്യൻ ടീമുകളും നാലാം റൗണ്ടിൽ ജയിച്ചുകയറി. ഓപ്പൺ വിഭാഗത്തിൽ ഫ്രാൻസിനെതിരായ ഇന്ത്യൻ എ ടീമിന്റെ നാല് കളിയും സമനിലയായി. മലയാളിതാരം എസ് എൽ നാരായണൻ, അർജുൻ എറി ഗെയ്സി, വിദിത് ഗുജറാത്തി, പി ഹരികൃഷ്ണ എന്നിവരെല്ലാം സമനിലയിൽ കുടുങ്ങി.
ഇറ്റലിയെ രണ്ട് കളിയിൽ തോൽപ്പിച്ച ഇന്ത്യൻ ബി ടീം മികച്ച പ്രകടനം കാഴ്ചവച്ചു. മലയാളിതാരം നിഹാൽ സരിൻ മൊറോണി ലൂക്കയെ കീഴടക്കി. ഡി ഗുകേഷും ജയിച്ചു.
ഇന്ത്യൻ സി ടീം സ്പെയ്നിനോട് തോറ്റു. എസ് പി സേതുരാമൻ, സൂര്യ ശേഖർ ഗാംഗുലി, കാർത്തികേയൻ മുരളി എന്നിവർ സമനില നേടിയപ്പോൾ അഭിജിത് ഗുപ്തയുടെ തോൽവി തിരിച്ചടിയായി.
വനിതകളിൽ എ ടീം ഹംഗറിയെ കീഴടക്കി. കൊണേരു ഹമ്പി, ആർ വൈശാലി, ഡി ഹരിക എന്നിവർ സമനില വഴങ്ങിയപ്പോൾ താനിയ സച്ദേവിന്റെ വിജയം നിർണായകമായി. ബി ടീം എസ്തോണിയയെ പരാജയപ്പെടുത്തിയതും ഒറ്റ വിജയത്തിലാണ്. ഇന്ത്യൻ സി ടീം ജോർജിയയോട് തോറ്റു.