ബർമിങ്ഹാം
അചിന്തയ്ക്ക് അലോകാണ് ലോകം. ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ സ്വർണം നേടിയശേഷം അചിന്ത ഷിയൂലി അത് സമർപ്പിച്ചത് സഹോദരൻ അലോകിനാണ്. അചിന്തയുടെ കായികജീവിതം രൂപപ്പെടുത്തിയത് ഈ മൂത്ത സഹോദരനായിരുന്നു. സ്വന്തം സ്വപ്നങ്ങൾ മാറ്റിവച്ച് അലോക് അനുജനുവേണ്ടി പൊരുതി.
2014ലാണ് അചിന്തയുടെയും അലോകിന്റെയും ജീവിതം ഇരുട്ടിലേക്കുവീണത്. കുടുംബത്തിന്റെ അത്താണിയായ അച്ഛൻ പ്രതീകിന്റെ മരണം അവരെ തളർത്തി. കുടുംബം ദാരിദ്ര്യത്തിലേക്കുവീണു. അമ്മയും രണ്ടുമക്കളും ഭാവിയെ ഭയന്നു. ഒടുവിൽ അമ്മ പൂർണിമയ്ക്ക് തുന്നൽ ജോലി ലഭിച്ചു. അലോകും അചിന്തയും അമ്മയെ സഹായിച്ചു. ദാരിദ്ര്യമില്ലാതെ മുന്നോട്ടുപോകാനുള്ള വരുമാനമാർഗമായി അത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി ബുദ്ധിമുട്ടിച്ചു.
അലോകിന് 20 വയസ്സായിരുന്നു പ്രായം. ഉത്തരാവാദിത്വം അലോകിൽ വന്നുചേർന്നു. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഭാവിതാരമായി വിലയിരുത്തപ്പെട്ടിരുന്നു അലോകിനെ. സംസ്ഥാനതലത്തിൽ ചാമ്പ്യനായി. എന്നാൽ, തന്റെ ഇഷ്ട കായിക ഇനത്തിൽ തുടരാനായില്ല ഈ ചെറുപ്പക്കാരന്. അമ്മയ്ക്കും അനുജനുംവേണ്ടി അലോക് കരിയർ അവസാനിപ്പിച്ചു. ഹൗറ മില്ലിൽ ജോലിയിൽ ചേർന്നു. അചിന്ത ഭാരോദ്വഹന പരിശീലനത്തിൽ തുടർന്നു. എല്ലാ പിന്തുണയും കുടുംബം അവന് നൽകി. അചിന്തയും വെറുതെയിരുന്നില്ല. കഴിയുന്ന സമയത്തൊക്കെ അമ്മയെ തുന്നൽപ്പണിയിൽ സഹായിച്ചു. പഠനവും പരിശീലനവും ഒപ്പം കൊണ്ടുപോയി.പുണെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നതിനുശേഷമായിരുന്നു അചിന്തയുടെ കായിക ജീവിതത്തിൽ വഴിത്തിരിവുണ്ടായത്. കൃത്യമായ ഭക്ഷണവും പരിശീലനവും കിട്ടിയതോടെ മികവിലേക്ക് ഉയർന്നു.
2018ൽ ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി. 2019ൽ ജൂനിയർ കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം. 2021ൽ ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി ചരിത്രംകുറിച്ചു. മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ്. ഖേലോ ഇന്ത്യ ഗെയിംസിൽ സ്വർണം നേടിയതോടെ സെെന്യത്തിൽ ജോലിയും കിട്ടി.
ബർമിങ്ഹാമിൽ 73 കിലോ വിഭാഗത്തിലായിരുന്നു ഇരുപതുകാരന്റെ മത്സരം. 313 കിലോ ഉയർത്തി സ്വർണംനേടി.അലോകിനും ഇനി ലക്ഷ്യങ്ങളുണ്ട്. മുടങ്ങിക്കിടന്ന ബിരുദപഠനം പൂർത്തിയാക്കി. ഭാരോദ്വഹനത്തിലേക്കുള്ള തിരിച്ചുവരവാണ് അടുത്ത ലക്ഷ്യം. എല്ലാത്തിനും അചിന്ത കൂട്ടുണ്ട്.