ബർമിങ്ഹാം
കോമൺവെൽത്ത് ഗെയിംസിലെ ആകർഷക ഇനമായ അത്ലറ്റിക്സിന് ഇന്ന് അലക്സാണ്ടർ സ്റ്റേഡിയത്തിൽ തുടക്കം. 44 ഇനങ്ങളിൽ മെഡൽ ജേതാക്കളെ നിശ്ചയിക്കും. ഞായറാഴ്ചവരെ 10 പാരാ അത്ലറ്റിക്സ് ഇനങ്ങളുമുണ്ട്.
ഓസ്ട്രേലിയ, ജമൈക്ക, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരാണ് പ്രധാന മെഡൽ വേട്ടക്കാർ. ഇന്ത്യയും മെഡൽ പ്രതീക്ഷിക്കുന്നുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഇതുവരെ 28 അത്ലറ്റിക്സ് മെഡലുകളാണ് നേടിയിട്ടുള്ളത്. അതിൽ അഞ്ച് സ്വർണവും 10 വെള്ളിയും 13 വെങ്കലവുമാണ്.
ഇന്ത്യക്ക് 35 അംഗ സംഘമാണ്. മലയാളികൾ 10 പേരുണ്ട്. അതിൽ രണ്ടുപേർ വനിതകളാണ്. പുരുഷന്മാരുടെ ലോങ്ജമ്പ് യോഗ്യതാ റൗണ്ട് ഇന്ന് പകൽ രണ്ടരയ്ക്കാണ്. എം ശ്രീശങ്കറിനൊപ്പം മുഹമ്മദ് അനീസും ഫൈനൽ തേടിയിറങ്ങും. വനിതകളുടെ ഷോട്ട്പുട്ട് പകൽ മൂന്നരയ്ക്കാണ്. മൻപ്രീത് കൗർ മത്സരിക്കുന്നു. ഡിസ്കസ് ത്രോ അർധരാത്രി ഒരു മണിക്ക്.