ചെന്നൈ > ലോക ചെസ് ഒളിമ്പ്യാഡിന്റെ രണ്ടാംറൗണ്ടിലും ഇന്ത്യയുടെ ആറ് ടീമുകൾക്കും ജയം. ടീമിലെ 24 കളിക്കാരും തോൽക്കാതെ മുന്നോട്ട്. ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ എ ടീം മൊൾഡോവയെ മറികടന്നു. പി ഹരികൃഷ്ണ, എസ് എൽ നാരായണൻ, കെ ശശികിരൺ എന്നിവർ ജയിച്ചപ്പോൾ അർജുൻ എറിഗെയ്സിക്ക് സമനില.
ബി ടീം നാലുകളിയിലും എസ്തോണിയയെ തകർത്തു. മലയാളിതാരം നിഹാൽ സരിന് വിശ്രമം അനുവദിച്ചപ്പോൾ ഡി ഗുകേഷ്, ആർ പ്രഗ്യാനന്ദ, ബി അധിപൻ, റോണക് സധ്വാനി എന്നിവർ ജയിച്ചു.ഇന്ത്യ സി ടീം മെക്സിക്കോയോട് രക്ഷപ്പെട്ടു. അഭിജിത് ഗുപ്ത, എസ് പി സേതുമാധവൻ, സൂര്യശേഖർ ഗാംഗുലി എന്നിവർ സമനിലയിൽ കുടുങ്ങി. മുരളി കാർത്തികേയൻമാത്രമാണ് ജയിച്ചത്.
ലോക ചാമ്പ്യൻ മാഗ്നസ് കാൾസൻ ആദ്യകളിയിൽ സമനില വഴങ്ങി. നോർവേ താരത്തെ ഉറുഗ്വേയുടെ ജോർജ് മിയറാണ് 80 നീക്കത്തിൽ തളച്ചത്.
അമേരിക്കൻ ടീമിനും മികവുകാട്ടാനായില്ല. പരാഗ്വേയോട് മൂന്നുകളിയിൽ സമനില വഴങ്ങിയപ്പോൾ ഒറ്റക്കളിയാണ് ജയിച്ചത്.
വനിതകളിൽ ഇന്ത്യ എ ടീം അർജന്റീനയെ മറികടന്നു. എന്നാൽ, കൊണേരു ഹമ്പി 44 നീക്കത്തിൽ സമനിലയിൽ കുടുങ്ങിയത് തിരിച്ചടിയായി. ആർ വൈശാലി, താനിയ സച്ദേവ്, ഭക്തി കുൽക്കർണി എന്നിവർ ജയിച്ചു.
ബി ടീം ലാത്വിയയെ കീഴടക്കി. വന്തിക അഗർവാൾ, സൗമ്യ സ്വാമിനാഥൻ, മേരി ആൻ ഗോമസ് എന്നിവർ മുന്നേറി. പത്മിനി റൗട്ടിന് സമനിലയാണ്. ഇന്ത്യ സി ടീം സിംഗപ്പൂരിനെ പരാജയപ്പെടുത്തി. ഇഷ കർവാഡെ, പി വി നന്ദിത എന്നിവർ ജയിച്ചപ്പോൾ പ്രത്യുഷ ബോഡക്കും വിശ്വ വസ്നവാലയ്ക്ക് സമനിലയാണ്.