കോഴിക്കോട്> എല്‍ഐസിയുടെ സ്വകാര്യവല്‍ക്കരണത്തിലേക്ക് നയിക്കുന്ന ഓഹരി വിറ്റഴിക്കല്‍ നയം കേന്ദ്ര സര്‍ക്കാര്‍ തിരുത്തണമെന്നും എല്‍ഐസിയെ പൊതുമേഖലയില്‍ സംരക്ഷിക്കണമെന്നും എല്‍ഐസി എംപ്ലോയീസ് യൂണിയന് കോഴിക്കോട് ഡിവിഷന് സുവര്‍ണ്ണ ജൂബിലി 50മത് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.നാടിന്റെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 38 ലക്ഷം കോടിയില്‍ അധികം തുക നല്‍കുകയും കേന്ദ്ര സര്‍ക്കാറിനെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്ന നാടിന്റെ അഭിമാനമായ എല്‍ഐസിയെ സ്വകാര്യ മുതലാളിമാരുടെ കൈകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.രാജ്യസ്നേഹം പ്രസംഗിക്കുകയും അതിനെതിരായ നയം നടപ്പാക്കിക്കൊണ്ട് നാടിന്റെ സ്വത്തായ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റുതുലക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ നാട് മുഴുവന്‍ ഒന്നിച്ചണിനിരക്കണമെന്ന് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ‘പീപ്പിള്‍ ഫോര്‍ എല്‍ഐസി യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജനസഭകള്‍ വിജയപ്പിക്കുവാനും സമ്മേളനം തീരുമാനിച്ചു.
കോഴിക്കോട് സരോജ് ഭവനില്‍ രാവിലെ 10 മണിക്ക് നടന്ന ‘സുവര്‍ണ്ണ ജൂബിലി പൊതു സമ്മേളനം’ ഓള് ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ശ്രീകാന്ത് മിശ്ര ഉദ്ഘാടനം ചെയ്തു. ‘ഓഹരി വില്‍പ്പന നടത്തിയതിലൂടെ എല്‍ഐസി യുടെ ഘടനാപരമായ മാറ്റത്തിന് കളമൊരുക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പോളിസി ഉടമകളുടെ സമ്പാദ്യത്തിന്റെ സുരക്ഷക്കും നാടിന്റെ സാമ്പത്തിക വികസനത്തിനും പ്രാധാന്യം നല്കി പ്രവര്‍ത്തിച്ചിരുന്ന എല്‍ഐസിയുടെ മുന്‍ഗണനകളില്‍ ഓഹരി ഉടമകളുടെ താല്പര്യവും ഇടം പിടിക്കും.
നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് എല്‍ഐസി നല്കിയ സംഭാവനകള്‍ തുടര്‍ന്നും ലഭ്യമാക്കാന്‍ എല്‍ഐസിയെ പൊതുമേഖലയില്‍ സംരക്ഷിച്ചു നിര്‍ത്തേണ്ടത് അത്യാവശ്യമാണ്’. അതിനായുള്ള പ്രചരണം പ്രവര്‍ത്തനങ്ങള്‍ എഐഐ ഇഎ തുടരുമെന്ന് ശ്രീകാന്ത് മിശ്ര പറഞ്ഞു.
സംഘടനയുടെ മുന്‍ ഭാരവാഹികളെ സമ്മേളനത്തില്‍ ആദരിച്ചു. വി.പി. ശശീന്ദ്രന് (സീനിയര്‍ ഡിവിഷണല്‍ മാനേജര്‍, എല്‍.ഐ.സി, കോഴിക്കോട് ഡിവിഷന്), സി.പി. സുലൈമാന്‍ (സെക്രട്ടറി, സി.ഐ.ടി.യു), പി.പി. കൃഷ്ണന് (വൈസ് പ്രസിഡന്റ്, എ.ഐ.ഐ.ഇ.എ), എം.ഗിരിജ (ജോയിന്റ് എ.ഐ.ഐ.ഇ.എ), ടി. സെന്തില്‍ കുമാര്‍ (ജനറല്‍ സെക്രട്ടറി, എസ്.സെഡ്.ഐ.ഇ.എഫ്), എം. കുഞ്ഞികൃഷ്ണന് (ജനറല്‍ സെക്രട്ടറി, എ.ഐ.ഐ.പി.എ), ആര്. ജൈനെന്ദ്രകുമാര്‍ (സി.സി.ജി.ഇ ആന്‍ഡ് ഡബ്ലിയു), ഷെജീഷ് കുമാര്‍ (എഫ്.എസ്.ഇ.ടി.ഒ), എം. മോഹനന് (ബി.ഇ.എഫ്.ഐ), കെ.വി. ജയരാജന് (ബി.എസ്.എന്‍.എല്‍.ഇ. യു), ടി.വി. വേണുഗോപാലന്‍ (എല്‍.ഐ.സി.പി.എ), വി.കെ. ദിലീപ് (എല്‍.ഐ.സി. ക്ലാസ്സ് വണ്‍. ഒ.എ), പി.പി. ജയരാജന് (എന്‍.എഫ്.ഐ.എഫ്.ഡബ്ലിയു.ഐ), പി. അഭീഷ് (കെ.എസ്.ജി.ഐ.ഇ.യു), കെ. ദിനേശന് (എസ് ആന്‍ഡ് എല്‍.സി.ഡബ്ലിയു.യു) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ നിന്നുമുള്ള 500ലധികം പ്രതിനിധികളും നിരീക്ഷകരും പൊതുസമ്മേളനത്തില്‍ പങ്കെടുത്തു.എല്‍ഐസി എംപ്ലോയീസ് യൂണിയന് കോഴിക്കോട് ഡിവിഷന് പ്രസിഡന്റ് കെ. ബാഹുലേയന് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഐ.കെ.ബിജു സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.ജെ. ശ്രീരാം നന്ദിയും പറഞ്ഞു.
ഉച്ചക്ക് 3 മണിക്ക് നടന്ന ‘പ്രതിനിധി സമ്മേളനം’ എം.ഗിരിജ (ജോയിന്റ് എ.ഐ.ഐ.ഇ.എ) ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഐ കെ ബിജു വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ പികെ ഭാഗ്യബിന്ദു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.