തിരുവനന്തപുരം
സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശക്തമായ ഇടപെടലുകളെ മറച്ച് അപകീർത്തിപ്പെടുത്താൻ ശ്രമം. 10 വർഷത്തിനിടെ തകർച്ച നേരിട്ട സംഘങ്ങളിലടക്കം നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചത്. കരുവന്നൂർ ബാങ്കിലും സമാന നിലപാടായിരുന്നു. അഴിമതിക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു. ഇക്കാര്യങ്ങൾ മറച്ചുവച്ച് കേരളത്തിലെ സഹകരണ മേഖലയാകെ കുഴപ്പമാണെന്ന പ്രചാരണം കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും രാഷ്ട്രീയ താൽപ്പര്യം സംരക്ഷിക്കാനാണ്.
നിക്ഷേപിച്ച തുക തിരികെ കൊടുക്കാൻ കഴിയാത്ത 164 സംഘമുണ്ടെന്ന് പ്രചരിപ്പിക്കുന്നവർ ഇതിൽ 132ഉം വെൽഫയർ, റസിഡൻസ് അസോസിയേഷൻ, ലേബർ സംഘങ്ങൾ ആണെന്ന വസ്തുത മറച്ചുവയ്ക്കുന്നു. ഭൂരിഭാഗത്തിലും നിക്ഷേപകർക്ക് പണം നൽകാൻ നടപടിയായി. ഇവയൊന്നും ജനങ്ങളിൽനിന്ന് വ്യാപക നിക്ഷേപം സ്വീകരിച്ച് നടത്തുന്ന വലിയ ബാങ്കുമല്ല.
2014 മുതലുള്ള പരാതികളിൽ 52 സഹകരണ ബാങ്കിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കുകയും നിക്ഷേപകർക്ക് പണം നൽകാൻ സംവിധാനമുണ്ടാക്കുകയും ചെയ്തു. കൊല്ലം, കോട്ടയം, മലപ്പുറം ജില്ലകളിലാണ് ഈ ബാങ്കുകൾ. അഴിമതിയും ക്രമക്കേടുംമൂലം തകർച്ച നേരിട്ട സഹകരണ ബാങ്കുകൾ അധികവും യുഡിഎഫ് ഭരിച്ചവയാണ്. ഇതിലൊക്കെയും നിക്ഷേപകരുടെ താൽപ്പര്യത്തിനാണ് സർക്കാർ പ്രാധാന്യം നൽകിയത്.