കൊച്ചി
കേരളത്തിലെ ഐടി വ്യവസായം മറ്റ് സംസ്ഥാനങ്ങൾക്കും വഴികാട്ടുകയാണെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. കൊച്ചി ഇൻഫോപാർക്ക് ഫേസ് രണ്ടിൽ പുതിയ ഐടി ഇടങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ആദ്യ ടെക്നോപാർക്ക് തിരുവനന്തപുരത്താണ് ആരംഭിച്ചത്. പിന്നീട് കൊച്ചിയിൽ ഇൻഫോപാർക്ക് ആരംഭിച്ചു. രണ്ടു നഗരങ്ങളിലും ഐടി കമ്പനികൾക്ക് സ്ഥലത്തിന്റെ ആവശ്യകതയുണ്ട്. ഇതിനുള്ള നടപടികളാണ് രണ്ടാംഘട്ട വികസനത്തിലുള്ളത്. കൊഗ്നിസന്റ്, ടിസിഎസ്, ഐബിഎം തുടങ്ങിയ കമ്പനികൾ കൊച്ചിയിൽ പ്രവർത്തിക്കുന്നു. ഐടിയുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രമായി കൊച്ചി മാറി. ഈ സാധ്യത കണക്കിലെടുത്താണ് ഇവിടെനിന്ന് ചേർത്തലയിലേക്കും കൊരട്ടിയിലേക്കും ഐടി ഇടനാഴികൾ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കിയത്.
വേഗത്തിൽ ബിസിനസ് ചെയ്യാൻ കഴിയുന്ന ഇടമായി കേരളം മാറി. ടാറ്റ എൽക്സിയുടെ 50 ശതമാനം തൊഴിലാളികളും ഇവിടെയാണ്. ലോകോത്തര കമ്പനികൾ കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.