തിരുവനന്തപുരം
സ്വാതന്ത്ര്യദിനത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിന്റെ പ്രചാരണത്തിനുള്ള മേഖലാ ജാഥകൾക്ക് ആവേശത്തുടക്കം. ‘എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം’ മുദ്രാവാക്യം ഉയർത്തിയാണ് ജാഥകൾ പര്യടനം നടത്തുന്നത്. തെക്കൻ മേഖലാ ജാഥ തിരുവനന്തപുരം ഗാന്ധി പാർക്കിൽ ജാഥാ ക്യാപ്റ്റൻ സംസ്ഥാന സെക്രട്ടറി വി കെ സനോജിന് പതാക കൈമാറി മുൻ അഖിലേന്ത്യ പ്രസിഡന്റും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി അനൂപ് അധ്യക്ഷനായി.
ജാഥാ മാനേജർ ചിന്ത ജെറോം, അംഗങ്ങളായ എം ഷാജർ, ഗ്രീഷ്മ അജയ്ഘോഷ്, ആർ ശ്യാമ, കെ എം സച്ചിൻദേവ് എംഎൽഎ എന്നിവർ സംസാരിച്ചു. ജാഥ വെള്ളിയാഴ്ച പര്യടനം ആരംഭിക്കും.
വടക്കൻ മേഖലാ ജാഥ കാസർകോട് ഉപ്പളയിൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഹിമാഘ്നരാജ് ഭട്ടാചാര്യ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ സംസ്ഥാന പ്രസിഡന്റ് വി വസീഫും മാനേജർ ട്രഷറർ എസ് ആർ അരുൺ ബാബുവും പതാക ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് ഷാലു മാത്യു അധ്യക്ഷനായി. ജാഥാംഗങ്ങളായ ആർ രാഹുൽ, എം വിജിൻ എംഎൽഎ, എം വി ഷിമ, മീനു സുകുമാരൻ, ജില്ലാ ട്രഷറർ കെ സബീഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ ആർ അനിഷേധ്യ, ദക്ഷിണ കന്നട ജില്ലാ സെക്രട്ടറി സന്തോഷ് ബജാൾ, സാദിഖ് ചെറുഗോളി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു. കാസർകോട്ടും സ്വീകരണം നൽകി. ജാഥയ്ക്കു മുന്നോടിയായി ജാഥാംഗങ്ങൾ കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.