പഴഞ്ഞി
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ഏഴ് ഇടയശ്രേഷ്ഠരെ മെത്രാപോലീത്തമാരായി ഉയർത്തി. വ്യാഴാഴ്ച പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ചടങ്ങിലാണ് ഏഴുപേർക്ക് മേൽപ്പട്ടം നൽകിയത്.
എബ്രഹാം മാർ സ്തെഫാനോസ് (എബ്രഹാം തോമസ് റമ്പാന്), തോമസ് മാർ ഇവാനിയോസ്(പി സി തോമസ് റമ്പാന്), ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് (ഡോ. ഗീവര്‍ഗീസ് ജോഷ്വാ റമ്പാന്), ഗീവർഗീസ് മാർ പീലക്സീനോസ് (ഗീവര്‍ഗീസ് ജോര്‍ജ് റമ്പാന്), ഗീവർഗീസ് മാർ പക്കോമിയോസ് (അഡ്വ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്), ഡോ.ഗീവർഗീസ് മാർ ബർണബാസ് (ഡോ. കെ. ഗീവര്‍ഗീസ് റമ്പാന്), സഖറിയാസ് മാർ സേവേറിയോസ് (ചിറത്തിലാട്ട് സഖറിയ റമ്പാന്) എന്നീ മെത്രാപോലീത്തമാരാണ് അഭിഷിക്തരായത്. ഇതോടെ സഭയിലെ മെത്രാപോലീത്തമാരുടെ എണ്ണം 31 ആയി.
വ്യാഴാഴ്ച രാവിലെ ആറോടെ പ്രാര്‍ഥനകള്‍ ആരംഭിച്ചു. തുടർന്ന് ഇവരെ വാഴിക്കുന്ന തീരുമാനം കാതോലിക്കാ ബാവ മുട്ടുകുത്തിനിന്ന് അറിയിച്ചു. ഇതോടെ സ്ഥാനാര്‍ഥികള്‍ മുട്ടുകുത്തി നിയോഗം സ്വീകരിക്കുന്നതായി ഏറ്റുപറഞ്ഞു. തുടര്‍ന്ന് കാപ്പാ ഒഴികെയുള്ള അംശ വസ്ത്രങ്ങള്‍ ധരിപ്പിച്ച് പ്രത്യേക മറവിടത്തില് ധ്യാനത്തിനയച്ചു. വിശുദ്ധ കുര്‍ബാനയും കുര്‍ബാന മധ്യേ മെത്രാന് സ്ഥാനാരോഹണ ശുശ്രൂഷയും നടത്തി. കുര്‍ബാനയില്‍ ധൂപ പ്രാര്‍ഥന സമയത്ത് സ്ഥാനാര്‍ഥികളെ ത്രോണോസിന് മുമ്പിലേക്ക് കൊണ്ടുവരികയും മേല്‍പ്പട്ടസ്ഥാന ശുശ്രൂഷ ആരംഭിക്കുകയും ചെയ്തു.