ന്യൂഡൽഹി
വർഷം രണ്ടുകോടി തൊഴിലെന്ന മോദി സർക്കാരിന്റെ വാഗ്ദാനം പൊള്ളയെന്ന് തെളിയിച്ച് ഔദ്യോഗികരേഖ. 2014 മുതൽ 2022 വരെ എട്ടുവർഷം കേന്ദ്രസര്‍വീസിലേക്ക് അപേക്ഷിച്ച 22.05 കോടിപേരില്‍ ജോലികിട്ടിയത് 7.22 ലക്ഷം പേർക്ക് (0.33 ശതമാനം) മാത്രം. ലോക്സഭയിൽ കേന്ദ്ര പേഴ്സണൽമന്ത്രി ജിതേന്ദർ സിങ്ങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പത്തുലക്ഷത്തോളം ഒഴിവ് നികത്താതെ കിടക്കുമ്പോഴാണ് യുവജനങ്ങളോട് കൊടുംവഞ്ചന. 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യത്ത്.
കേന്ദ്ര സർവീസില്‍ ജോലി നല്‍കുന്നത് 2014 മുതൽ വെട്ടിക്കുറച്ചു. 2014-–-15ൽ 1,30,423 പേര്‍ക്ക് ജോലിയായി. 2021–-22ൽ ഇത് 38,850 പേരായി ചുരുങ്ങി. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന 2019–-20ൽ 1.47 ലക്ഷം പേരെ റിക്രൂട്ട് ചെയ്തു. വർഷം പത്തുലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് ജൂണില്‍ മോദി പ്രഖ്യാപിച്ചു. ഇതിനെ കുറിച്ചുള്ള വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് ഒഴിവ് നികത്താൻ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന ഒഴുക്കൻ മറുപടിയാണ് സർക്കാർ നൽകിയത്.
ഒഴിഞ്ഞുകിടക്കുന്ന 8,75,158 കേന്ദ്ര തസ്തികയിൽ നിയമനം നടത്തുന്നതിനെയാണ് പുതിയ തൊഴിൽ സൃഷ്ടിക്കലായി ബിജെപി അവതരിപ്പിക്കുന്നത്. 2021 ഡിസംബറിലെ കണക്ക് പ്രകാരം രാജ്യത്ത് 5.3 കോടി തൊഴിൽരഹിതരുണ്ട്.