തിരുവനന്തപുരം > പി ബിജുവിന്റെ പേരിൽ ഫണ്ട് തട്ടിപ്പെന്ന വാർത്ത വ്യാജമെന്ന് വ്യക്തമാക്കി ഡിവൈഎഫ്ഐ. ഏകപക്ഷീയമായി ചില മാധ്യമങ്ങൾ ഡിവൈഎഫ്യെ അപകീർത്തിപ്പെടുത്താനായി നടത്തിയ നീക്കത്തെ അപലപിക്കുന്നു. പി ബിജുവിന്റെ പേര് മാധ്യമങ്ങൾ വലിച്ചിഴച്ച് വ്യാജവാർത്ത നൽകുകയായിരുന്നുവെന്ന് ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡിവൈഎഫ്ഐയെ സംബന്ധിച്ച് ഇങ്ങനെയൊരു ആക്ഷേപം കൊടുക്കുമ്പോൾ അതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നുപോലും നേതൃത്വത്തോട് ചോദിച്ചിട്ടില്ല. നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കുന്ന ഹീനമായ തന്ത്രത്തിന്റെ ഭാഗമാണിത്. റെഡ് കെയര് സെന്റര് പൊതുജനങ്ങളില് നിന്ന് പണം പിരിക്കുന്നില്ല. ഡിവൈഎഫ്ഐ പ്രവര്ത്തകരുടെ ഒരു ദിവസത്തെ വരുമാനം, വിവിധ ചലഞ്ചുകളില് നിന്നുള്ള വരുമാനവും എന്നിവയില് നിന്നാണ് ധനസമാഹരണം നടത്തുന്നത്. ഇങ്ങനെയൊരു മന്ദിരം വിഭാവനം ചെയ്യാൻ ഡിവൈഎഫ്ഐയ്ക്കല്ലാതെ മറ്റാർക്കും കഴിയില്ല.
ഒരു പരാതിയും ഇതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐയ്ക്ക് ലഭിച്ചിട്ടില്ല. ചില മാധ്യമങ്ങൾ അവർക്ക് കിട്ടുന്ന പരാതി എന്ന നിലയിൽ വാർത്തകൾ കൊടുക്കുകയായിരുന്നു. ഡിവൈഎഫ്ഐയ്ക്ക് ലഭിച്ച ഫണ്ടിൽ കൃത്യമായി കണക്കുകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും ഉണ്ട്. ഓരോ കണക്കുകളും കൃത്യമായി കയ്യിലുണ്ട്. ഇത് പരസ്യമായി തന്നെ പറയുമെന്നും ഷിജൂഖാൻ പറഞ്ഞു.