കൽപ്പറ്റ> ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി വയനാട്ടിലെ മൂന്ന് ഫാമുകളിലെ നൂറോളം പന്നികളെക്കൂടി കൊന്നു. രോഗം ബാധിച്ച് പന്നികൾ കൂട്ടത്തോടെ ചത്ത മാനന്തവാടി കണിയാരത്തുള്ള ഫാമിന്റെ ഒരുകിലോമീറ്റർ പരിധിയിലെ ഫാമുകളിലെ പന്നികളെയാണ് കൊന്നത്. ബുധൻ രാവിലെ തുടങ്ങിയ ദൗത്യം രാത്രി വൈകിയാണ് അവസാനിച്ചത്.
ആദ്യ കണക്കെടുപ്പിൽ മൂന്ന് ഫാമുകളിലായി 80 പന്നികളാണുണ്ടായിരുന്നത്. പിന്നീട് പ്രസവിച്ചവയടക്കം നൂറോളം എണ്ണത്തെയാണ് കൊന്നത്. കണിയാരം വലിയകണ്ടിക്കുന്ന് കൊളവയൽ ജിനി ഷാജിയുടെ ഫാമിലെ 43 പന്നികൾ രോഗം ബാധിച്ച് ചത്തിരുന്നു. തവിഞ്ഞാൽ കരിമാനിയിലെ ഫാമിലെ 360 എണ്ണത്തെ കഴിഞ്ഞ ദിവസം കൊന്നിരുന്നു.