തൃശൂര്‍ > കേരള സാഹിത്യ അക്കാദമിയുടെ 2021ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം ആർ രാജശ്രീയും വിനോയ് തോമസും പങ്കിട്ടു. കവിതയ്ക്കുള്ള പുരസ്കാരം അന്‍വര്‍ അലിയും ചെറുകഥയ്ക്കുള്ള പുരസ്കാരം ദേവദാസ് വി എമ്മും നേടി. മുതിര്‍ന്ന എഴുത്തുകാരായ വൈശാഖന്, പ്രൊഫ. കെ പി ശങ്കരന് എന്നിവര്‍ക്ക് അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു.
2021ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും സമഗ്രസംഭാവന പുരസ്കാരവും പ്രഖ്യാപിച്ചു. ഫെല്ലോഷിപ്പിന് വൈശാഖനും പ്രൊഫ. കെ പി ശങ്കരനും അർഹരായി. 50000 രൂപയും രണ്ടു പവന്റെ സ്വർണ്ണപ്പതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം. അക്കാദമി പ്രസിഡന്റ് സച്ചിതാനന്ദൻ, സെക്രട്ടറി പ്രൊഫ. സി പി അബൂബക്കർ എന്നിവർ ചേർന്നാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്.
സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് ഡോ. കെ ജയകുമാർ, കടത്തനാട്ട് നാരായണൻ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാലൻ, ഗീത കൃഷ്ണൻകുട്ടി, കെ എ ജയശീലൻ എന്നിവർക്ക് ലഭിച്ചു. 30000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. അക്കാദമി അവാർഡുകൾക്ക് അൻവർ അലി (കവിത), ഡോ. ആർ രാജശ്രീ, വിനോയ് തോമസ് (നോവൽ), വി എം ദേവദാസ് (ചെറുകഥ), പ്രദീപ് മണ്ടൂർ (നാടകം), എൻ അജയകുമാർ (സാഹിത്യവിമർശനം), ഡോ. ഗോപകുമാർ ചോലയിൽ (വൈജ്ഞാനിക സാഹിത്യം), പ്രൊഫ. ടി ജെ ജോസഫ്, എം കുഞ്ഞാമൻ (ജീവചരിത്രം), വേണു (യാത്രാവിവരണം), അയ്മനം ജോൺ (വിവർത്തനം), രഘുനാഥ് പലേരി (ബാലസാഹിത്യം), ആൻ പാലി (ഹാസ സാഹിത്യം) എന്നിവരെ തെരഞ്ഞെടുത്തു. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരങ്ങൾ.
വിവിധ എൻഡോവ്മെന്റ് അവാർഡുകളും പ്രഖ്യാപിച്ചു. 5000 രൂപ വീതമുള്ള ഐ സി ചാക്കോ അവാർഡിന് വൈക്കം മധു, ഗീതാ ഹിരണ്യൻ അവാർഡിന് വിവേക് ചന്ദ്രൻ എന്നിവർ അർഹരായി. സി ബി കുമാർ അവാർഡ് അജയ് പി മങ്ങാട്ട്, ജി എൻ പിള്ള അവാർഡ് ഡോ. പി കെ രാജശേഖരൻ, ഡോ. കവിത ബാലകൃഷ്ണൻ എന്നിവർക്ക് നൽകും. 3000 രൂപ വീതമാണ് പുരസ്കാരം. കെ ആർ നമ്പൂതിരി അവാർഡിന് പ്രൊഫ. പി ആർ ഹരികുമാർ, കനകശ്രീ അവാർഡിന് കിംഗ് ജോൺസ് എന്നിവരും അർഹരായി. 2000 രൂപ വീതമാണ് പുരസ്കാര തുക. തുഞ്ചൻ സ്മാരക പ്രബന്ധ മത്സര വിജയി എൻ കെ ഷീലയ്ക്ക് 5000 രൂപയുടെ പുരസ്കാരം ലഭിക്കും. 2018ലെ വിലാസിനി അവാർഡിന് ഇ വി രാമകൃഷ്ണൻ അർഹനായി. 50000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ആലങ്കോട് ലീലാകൃഷ്ണൻ, കെ പി രാമനുണ്ണി, അശോകൻ ചരുവിൽ എന്നിവരും അവാർഡ് പ്രഖ്യാപനത്തിൽ പങ്കെടുത്തു.