തിരുവനന്തപുരം > അവശ്യവസ്തുക്കൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയതിൽ കേന്ദ്രം അവ്യക്തത തിരുത്തണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ത്രിവേണി, സപ്ലൈകോ കടകളിൽ ജിഎസ്ടി ഈടാക്കുന്നില്ല. സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം പിൻവലിക്കണമെങ്കിൽ നിയമവശം നോക്കണം. ബ്രാൻഡഡ് ഉൽപ്പന്നങ്ങളെ ഒഴിവാക്കണമെന്ന് ആമ്യൈപ്പെട്ടിട്ടില്ല. ചെറുകിട കച്ചവടക്കാരുടെ കാര്യം മാത്രമാണ് പറഞ്ഞത്. ചെറുകിട സംരംഭകരുടെ നികുതി ഒഴിവാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
ലൂസായി കടകളിൽ കൊണ്ടുവന്നു പൊതിഞ്ഞു വിൽക്കുന്ന സാധനങ്ങൾക്കു നികുതിയില്ലെന്നാണു വിശദീകരണത്തിൽ ഒരിടത്തു പറയുന്നത്. എന്നാൽ, വിശദീകരണത്തിലെ എട്ടാമത്തെ പോയിന്റായി പറയുന്നത്, ഇങ്ങനെ വിൽക്കുമ്പോൾ അളവുതൂക്ക നിയമം ബാധകമാണെന്നാണ്. ലേബലില്ലാതെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു കൊടുത്താലും ബ്രാൻഡിന്റെ പരിധിയിൽ വരുമെന്നാണ് അളവുതൂക്ക നിയമത്തിൽ പറയുന്നത്. ബ്രാൻഡിന്റെ പരിധിയിൽ വന്നാൽ നികുതി ഈടാക്കാനാകും. അവിടെയാണ് ആശയക്കുഴപ്പം ഉള്ളത്. അക്കാര്യത്തിൽ കേന്ദ്രം വ്യക്തത വരുത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
ചരക്ക് സേവന വകുപ്പ് പുനസംഘടിപ്പിച്ചുവെന്നും മന്ത്രി അറിയിച്ചു. വകുപ്പിന് മൂന്ന് വിഭാഗങ്ങളാണുള്ളത്. ഇന്ത്യയില് തന്നെ ആദ്യമായാണ് ഇത്തരത്തില് ഒരു ഘടനാ മാറ്റമെന്നും മന്ത്രി വാര്ത്താസമ്മേളനത്തില് പറഞ്ഞു. സേവന വിഭാഗം, ഓഡിറ്റ് വിഭാഗം, ഇന്റലിജന്സ് & എന്ഫോഴ്മെന്റ് വിഭാഗം എന്നിവയാണ് മൂന്ന് വിഭാഗങ്ങള്. അധിക ചിലവ് ഉണ്ടാകില്ല. 52 ഹെഡ് ക്ലാര്ക്ക് , 376 സീനിയര് ക്ലാര്ക്ക് തസ്തികകള് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. വകുപ്പിനെ കൂടുതല് സജ്ജീവമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.