ന്യൂഡൽഹി> രാജസ്ഥാനിലെ ജോധ്പൂർ, ഭിൽവാര, ചിത്തോർഗഡ് ജില്ലകളിൽ കനത്തമഴയെ തുടർന്ന് പ്രളയം. ഭോപ്പാൽഗഡിൽ നാല് കുട്ടികൾ മുങ്ങിമരിച്ചു. അനിത (15), സഞ്ജു (16), പിന്റു (12), കിഷോർ (12) എന്നിവരാണ് മരിച്ചത്. ഇവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രഖ്യാപിച്ചു. രക്ഷപെട്ട കുട്ടിക്ക് 20,000 രൂപയാണ് അനുവദിച്ചത്. കുട്ടികൾ കുളത്തിൽ കുളിക്കവേ ഇരച്ചെത്തിയ വെള്ളത്തിൽ അകപ്പെടുയായിരുന്നു.
കനത്ത മഴയിൽ ഭിൽവാര ജില്ലയിൽ ബഹുനിലകെട്ടിടം നിലംപൊത്തി. പ്രളയത്തിൽ ഒരു കാറും ബൈക്കും ഒലിച്ചുപോയിട്ടുണ്ട്. ചിത്തോർഗഡ്, ജയ്പൂർ, അജ്മീർ, സവായ് മധോപൂർ, രാജ്സമന്ദ്, ദുംഗർപൂർ, ബൻസ്വാര, കോട്ട, സിരോഹി, ജോധ്പൂർ, പാലി, നാഗൗർ, ജലോർ ജില്ലകളിൽ അതിതീവ്രമഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്. വടക്ക് പടിഞ്ഞാറൻ റെയിൽവേ ഏഴു ട്രയിനുകൾ റദ്ദാക്കി, ആറെണ്ണം വഴിതിരിച്ചുവിട്ടു. റോഡ് ഗതാഗതവും പലയിടത്തും തടസപ്പെട്ടിരിക്കുകയാണ്.