ന്യൂഡൽഹി> എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) വിശാലമായ അധികാരങ്ങള് ശരിവച്ച് സുപ്രീംകോടതി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ അറസ്റ്റ്, സ്വത്ത് കണ്ടുകെട്ടൽ എന്നിവയുമായി ബന്ധപ്പെട്ട ഇഡിയുടെ അധികാരങ്ങൾ സുപ്രീം കോടതി ശരിവച്ചു
ഇഡിക്ക് വിശാല അധികാരം നൽകുന്ന വ്യവസ്ഥകളെ ചോദ്യം ചെയ്ത് കാർത്തി ചിദംബരവും മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖും അടക്കം സമർപ്പിച്ച 242 ഹർജികളിലാണ് വിധി. കേന്ദ്രസര്ക്കാര് രാഷ്ട്രീയ ലക്ഷ്യങ്ങള്ക്കായി പല സംസ്ഥാനങ്ങളിലും ഇഡിയെ ദുരുപയോഗം ചെയ്യുന്നുവെന്ന വിമര്ശനങ്ങള്ക്കുടെയാണ് സുപ്രീംകോടതി വിധിവരുന്നത്. ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി,ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
എന്ഫോഴ്സ്മെന്റ് പ്രഥമവിവര റിപ്പോര്ട്ട് മുഴുവനായി പ്രതിക്ക് നൽകേണ്ട സാഹചര്യമില്ലെന്നും തടവിലിട്ടാല് പ്രതിക്ക് ആവശ്യമെങ്കില് കോടതി വഴി എഫ്ഐആർ വാങ്ങാമെന്നും കോടതി പറഞ്ഞു. ജാമ്യത്തിനുള്ള കര്ശനവ്യവസ്ഥ ഭരണഘടനപരമെന്നും കോടതി വ്യക്തമാക്കി. ഇഡി കേസിൽ വിചാരണ മാറ്റണമെന്ന ഹർജികൾ ഹൈക്കോടതിയിലേക്ക് മാറ്റാനും സുപ്രിം കോടതി നിർദ്ദേശം നല്കി.