ന്യൂഡൽഹി
കോമൺവെൽത്ത് ഗെയിംസിന് നാളെ ബർമിങ്ഹാമിൽ തിരിതെളിയവെ, മരുന്നടിയുടെ നാണക്കേടിൽ ഇന്ത്യ. മൂന്ന് താരങ്ങളാണ് ഇതിനകം മരുന്നടിയിൽ കുടുങ്ങിയത്. മറ്റൊരു അത്-ലീറ്റും മരുന്നടിച്ചതായി സംശയമുണ്ട്. 2021ൽ ലോക ഉത്തേജകമരുന്ന് വിരുദ്ധ സമിതി (വാഡ) പുറത്തിറക്കിയ പട്ടികയിൽ മരുന്നടിക്കാരിൽ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. റഷ്യയും ഇറ്റലിയുംമാത്രം മുന്നിൽ. മരുന്നടി തുടർന്നാൽ വിലക്കിനുവരെ സാധ്യതയുണ്ട്. നാളെമുതൽ ആഗസ്ത് എട്ടുവരെയാണ് കോമൺവെൽത്ത് ഗെയിംസ്.
ഒരാഴ്ചമുമ്പാണ് 4 x 400 മീറ്റർ റിലേ താരം ധനലക്ഷ്മിയും ട്രിപ്പിൾജമ്പ് ദേശീയ റെക്കോഡുകാരി ഐശ്വര്യ ബാബുവും മരുന്നടിച്ചതായി തെളിഞ്ഞത്. ഇരുവരെയും ടീമിൽനിന്ന് ഒഴിവാക്കി. കഴിഞ്ഞദിവസമാണ് റിലേ ടീമിലെ മറ്റൊരു താരംകൂടി കുടുങ്ങിയത്. അവസാനമായി ഉൾപ്പെടുത്തിയ മലയാളി താരമാണ് മരുന്നടിച്ചത്. ഇതോടെ ആറംഗ റിലേ ടീമിൽ നാലുപേർമാത്രമേ ശേഷിക്കുന്നുള്ളൂ. പരിക്കേറ്റാൽ പകരക്കാരില്ല. 100 മീറ്റർ ഹർഡിൽസ് താരം ജ്യോതി യറാജി, മലയാളി ലോങ്ജമ്പ് താരം ആൻസി സോജൻ എന്നിവരെയാണ് പകരക്കാരായി പരിഗണിക്കുന്നത്. അതിനിടെ, മറ്റൊരു താരംകൂടി മരുന്നടിച്ചതായി അഭ്യൂഹമുണ്ട്. ഇന്ത്യൻ അത്-ലറ്റിക് ഫെഡറേഷൻ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
രണ്ട് പാരാലമ്പിക് താരങ്ങളും മരുന്നടിയിൽ ഉൾപ്പെട്ടു.
ടോക്യോ ഒളിമ്പിക്സിനുശേഷം എട്ട് അത്-ലീറ്റുകളാണ് മരുന്നടിയിൽപ്പെട്ടത്. ഇതിൽ രണ്ടുപേർ ഒളിമ്പിക്സിൽ ഇറങ്ങിയവരാണ്. ഡിസ്കസ് ത്രോ താരം കമൽപ്രീത് കൗർ, ജാവലിൻ ത്രോ താരം ശിവ്പാൽ സിങ്, മൂന്നുതവണ ഏഷ്യൻ ഗെയിംസ് 4 x 400 റിലേ ടീമിൽ അംഗമായ എം ആർ പൂവമ്മ, ജാവലിൻ ത്രോയിലെ രജീന്ദർ സിങ്, അണ്ടർ 23 സ്പ്രിന്റർ തരൺജീത് കൗർ എന്നിവരാണ് ഒളിമ്പിക്സിനുശേഷം മരുന്നടിക്ക് പിടിയിലായത്.
2011ലെ മരുന്നടിക്കുശേഷമുള്ള ഏറ്റവുംകൂടുതൽ സംഖ്യയാണിത്. 2010ലെ കോമൺവെൽത്ത് ഗെയിംസ് റിലേ ടീം ചാമ്പ്യന്മാരായ ആറുപേരാണ് കുടുങ്ങിയത്. 400 മീറ്റർ പരിശീലകൻ യൂറി ഒഗോർഡ്നിക്കിനെ പുറത്താക്കി.
വാഡയുടെ പട്ടികപ്രകാരം 152 ഇന്ത്യൻ അത്-ലറ്റുകളാണ് മരുന്നടിയിൽപ്പെട്ടത്. റഷ്യയുടേത് 167 ആണ്. ഇറ്റലി 157ഉം. റഷ്യ വിലക്കിലാണ്. വിലക്കേർപ്പെടുത്തിയാൽ രാജ്യാന്തര മീറ്റുകളിൽ പങ്കെടുക്കാനാകില്ല. അത്-ലീറ്റുകൾക്ക് സ്വതന്ത്രരായി മത്സരിക്കാം.