ചതുരംഗത്തിന്റെ നാടായ ഇന്ത്യയിൽ ആദ്യമായാണ് ലോക ചെസ് ഒളിമ്പ്യാഡ് നടക്കുന്നത്. ചെന്നൈക്കടുത്ത് മഹാബലിപുരമാണ് വേദി. 28 മുതൽ ആഗസ്ത് 10 വരെ 11 റൗണ്ട് മത്സരം. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തിൽ സർവകാല റെക്കോഡാണ്. -ഓപ്പൺ വിഭാഗത്തിൽ 187, വനിതകളിൽ 162. ഇന്ത്യക്ക് ഇരുവിഭാഗത്തിലും മൂന്ന് ടീമുകളുണ്ട്.
മഹാബലിപുരത്തെ ഫോർ പോയിന്റ്സ് ബൈ ഷെറാട്ടൺ ഹോട്ടലിൽ 1700 താരങ്ങൾ കരുക്കൾ നീക്കും. ആദ്യ റൗണ്ട് മത്സരം 29ന് പകൽ മൂന്നിന്. ചരിത്രം ഇന്ത്യക്കുവേണ്ടി തിരക്കഥ എഴുതിയതാണോ എന്ന് തോന്നിക്കാവുന്ന ചെസ് പശ്ചാത്തലം. യുദ്ധംമൂലം റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് മാറ്റിയതാണ് മത്സരം. റഷ്യയും ചൈനയും രാഷ്ട്രീയകാരണങ്ങളാൽ പങ്കെടുക്കുന്നുമില്ല. ഇന്ത്യയാകട്ടെ ശക്തമായൊരു യുവതലമുറയിലൂടെ ലോക ചെസിന്റെ ഉയരങ്ങളിലേക്ക് കയറിക്കൊണ്ടിരിക്കുന്ന കാലവും. വിദിത് ഗുജറാത്തി, അർജുൻ ഏറിഗൈസി, നിഹാൽ സരിൻ, എസ് എൽ നാരായണൻ, പ്രഗ്നാനന്ദ, ഗുകേഷ് തുടങ്ങിയ പ്രതിഭകളുടെ ആവേശകരമായ യുവനിര. പി ഹരികൃഷ്ണ, കെ ശശികിരൺ, സൂര്യശേഖർ ഗാംഗുലി തുടങ്ങിയ പരിചയസമ്പന്നർക്കൊപ്പം ഉപദേശകനായി വിശ്വനാഥൻ ആനന്ദ്.
വനിതാവിഭാഗത്തിൽ ലോകോത്തര താരങ്ങളായ കൊണേരു ഹമ്പിയും ഹരിക ദ്രോണാവല്ലിയും നയിക്കുന്ന ഇന്ത്യൻ ടീമാണ് ഒന്നാമതായി സീഡ് ചെയ്യപ്പെട്ടിട്ടുള്ളത്. ഫാബിയാനോ കരുവാനായും വെസ്ലി സോയും ലെവ് ആറോണിയാനും അടങ്ങുന്ന അമേരിക്കൻ ടീമാണ് ഓപ്പൺ വിഭാഗത്തിൽ ഒന്നാംസീഡ്. ലോക ചാമ്പ്യൻ മാഗ്നസ് കാൾസൺ നയിക്കുന്ന നോർവെയും അസർബൈജാനും വെല്ലുവിളിയാണ്. വനിതാവിഭാഗത്തിൽ ഉക്രെയ്നും ജോർജിയയും കരുത്തരാണ്.
ഒളിമ്പ്യാഡും കേരളവും
മൂന്ന് കേരളീയരാണ് ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യക്കായി ഇറങ്ങിയത്. എൻ ആർ അനിൽകുമാർ (1982), ജി എൻ ഗോപാൽ (2004, 2010, 2012), നിഹാൽ സരിൻ (2020, 2021). ഇത്തവണ ഇന്ത്യൻ എ ടീമിൽ എസ് എൽ നാരായണനും (തിരുവനന്തപുരം), ബി ടീമിൽ നിഹാൽ സരിനും (തൃശൂർ) ഇടം പിടിച്ചു.