ന്യൂഡൽഹി
ബിജെപിയുടെ സാമ്പത്തിക നയങ്ങളെയും അദാനിയുമായുള്ള ബന്ധത്തെയും നിരന്തരം വിമർശിക്കുന്ന മലയാളിയായ സ്വതന്ത്ര മാധ്യമപ്രവർത്തകൻ രവി നായർക്ക് അറസ്റ്റ് വാറന്റ്. അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസിൽ ഗുജറാത്തിലെ ഗാന്ധിനഗർ കോടതിയുടെ വാറന്റ് ഡൽഹി പൊലീസെത്തി കൈമാറി. സമൻസോ പരാതി പകർപ്പോ രവി നായർക്ക് ഇതുവരെ നല്‍കിയിട്ടില്ല.റഫാൽ, പവൻ ഹാൻസ്, സിഎജി, ഇലക്ടറൽ ബോണ്ടുകൾ തുടങ്ങിയ വിഷയങ്ങളില്‍ നിരവധി അന്വേഷണാത്മക വാർത്തകൾ പ്രസിദ്ധീകരിച്ച രവി ബിജെപിയുടെ കണ്ണിലെ കരടാണ്.
മോദി സർക്കാർ അദാനി ഗ്രൂപ്പിന് ചെയ്ത ‘ 500 കോടിയുടെ സഹായം’ തുറന്നുകാട്ടി 2017ൽ ലേഖനമെഴുതിയ മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്ജോയ് ഗുഹ താക്കൂർത്തയ്ക്കെതിരെയും അദാനി ഗ്രൂപ്പ് മാനനഷ്ടക്കേസ് നൽകിയെങ്കിലും പരാജയപ്പെട്ടു.