ന്യൂഡൽഹി
ഭൂമിക്കായുള്ള പോരാട്ടത്തിൽ വീരതെലങ്കാനയുടെ വിപ്ലവാവേശം നെഞ്ചേറ്റുകയാണ് ജക്കലോഡി നിവാസികൾ. വാറങ്കലിനു സമീപം ജക്കലോഡിയിൽ പതിനായിരങ്ങളാണ് സർക്കാരിന്റെ തരിശുഭൂമി പിടിച്ചെടുത്ത് കുടിൽ കെട്ടി സമരത്തിലുള്ളത്. പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് ഇവരെ കുടിയിറക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. പ്രാദേശിക സിപിഐ എം നേതാക്കളാണ് സമരം നയിക്കുന്നത്.
എല്ലാ ഭൂരഹിതർക്കും രണ്ടുമുറി വീടെന്ന ടിആർഎസ് സർക്കാരിന്റെ വാഗ്ദാനം എട്ടുവർഷം കഴിഞ്ഞിട്ടും പാലിച്ചിട്ടില്ല. ആവശ്യത്തിന് ഭൂമിയില്ലെന്നാണ് സർക്കാർ ഭാഷ്യം. ജക്കലോഡിയിലും സമീപത്തെ ബസ്താനചെരുവിലും ഇരുനൂറ് ഏക്കറിലേറെ വരുന്ന സർക്കാർ തരിശ് ഭൂമി സമരകേന്ദ്രമാകുന്നത് ഇതോടെയാണ്. മെയ് ഏഴിന് സിപിഐ എം നേതൃത്വത്തിൽ ഭൂരഹിതർ ഇവിടെ നൂറുകണക്കിന് കുടിലുകൾ കെട്ടി. തരിശ് ഭൂമി അനധികൃതമായി ഉപയോഗിച്ചുവന്ന ഭൂമാഫിയകളും മറ്റും കുടിയൊഴിപ്പിക്കലിന് സമ്മർദം തുടങ്ങി. ജൂൺ ആദ്യം പൊലീസും ഗുണ്ടകളും ബുൾഡോസറുകളുമായെത്തി കുടിലുകൾ ഇടിച്ചുനിരത്തി. സ്ത്രീകളടക്കം നിരവധി പേർക്ക് പരിക്കേറ്റു. എന്നാൽ, വർധിതവീര്യത്തോടെ സിപിഐ എം കുടിൽകെട്ടി സമരം പുനരാരംഭിച്ചു. നാലായിരം കുടിൽ തകർത്തപ്പോൾ പതിനായിരത്തിനടുത്ത് കുടിലുകൾ ഉയർന്നു.
പട്ടയമടക്കമുള്ള അവകാശങ്ങൾ നേടിയെടുക്കുമെന്ന നിശ്ചയദാർഢ്യത്തിലാണ് പ്രക്ഷോഭകർ. സമരകേന്ദ്രത്തിലെത്തിയ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ലഭിച്ചത് ആവേശകരമായ സ്വീകരണം. ഭൂമാഫിയക്കൊപ്പം നിൽക്കാതെ ഭൂരഹിതരുടെ കണ്ണീരൊപ്പാൻ ടിആർഎസ് സർക്കാരിനോട് യെച്ചൂരി ആവശ്യപ്പെട്ടു. പൊളിറ്റ്ബ്യൂറോ അംഗം ബി വി രാഘവുലു, സംസ്ഥാന സെക്രട്ടറി ടി വീരഭദ്രം, കേന്ദ്രകമ്മിറ്റിയംഗം ബി വെങ്കട്ട് എന്നിവരും സംസാരിച്ചു.
തെലങ്കാനയിലെ വാറങ്കലിനു സമീപം ജക്കലോഡിയിലെ സമരഭൂമിയിൽ പ്രക്ഷോഭകരെ അഭിവാദ്യം ചെയ്യുന്ന സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റുനേതാക്കളും