ന്യൂഡൽഹി > ജനങ്ങൾക്ക് വേണ്ടി ശബ്ദിച്ചതിന് ലഭിച്ച സസ്പെൻഷൻ നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്ന് എ എ റഹീം എം.പി. അടിച്ചമർത്താനാകില്ലെന്നും ഏകാധിപത്യം അനുവദിക്കില്ലെന്നും റഹീം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ജനങ്ങളെ ദുരിതത്തിലാക്കുന്ന വിലക്കയറ്റം സഭ നിർത്തി വച്ചു ചർച്ച ചെയ്യണമെന്ന് കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രതിപക്ഷം ആവശ്യപ്പെടുകയാണ്.ചർച്ചയ്ക്ക് സർക്കാർ തയ്യാറാകുന്നില്ല. ഏകപക്ഷീയമായി ചർച്ചകളെയും സംവാദങ്ങളെയും അടിച്ചമർത്തുകയാണ്. ജനാധിപത്യ അവകാശങ്ങൾ സഭയ്ക്കുള്ളിൽ പോലും അനുവദിക്കുന്നില്ല. ഇന്നാണെങ്കിൽ സിപിഐ എമ്മിലെ ബികാസ് രഞ്ജൻ ഭട്ടാചാര്യയെ ഒരു ബില്ലിൽ ചർച്ച ചെയ്യാൻ പോലും അനുവദിച്ചില്ല.തുടർന്ന് പ്രതിഷേധിച്ച ഞാനടക്കമുള്ള പ്രതിപക്ഷ അംഗങ്ങളെ സസ്പെന്റ് ചെയ്യുകയായിരുന്നു – റഹീം പറഞ്ഞു.
നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിന് കേരളത്തിൽ നിന്നുള്ള എംപിമാരായ എ എ റഹീം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവർ അടക്കമുള്ള 19 പേരെയാണ് സസ്പെൻഡ് ചെയ്തത്. ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ടിആർഎസ് എന്നിവരുടെ എംപിമാരാണ് മറ്റ് സസ്പെൻഡ് ചെയ്യപ്പെട്ടവർ. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ.