മലപ്പുറം> നിലമ്പൂരില്‍ പാരമ്പര്യ വൈദ്യന് ഷാബാ ഷെരീഫിന്റെ വധവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഷൈബിന് അഷ്റഫിന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.വയനാട് മേപ്പാടി സ്വദേശി ഫസ്നയെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
2019 ആഗസ്ത് ഒന്നിനാണ് ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്നത്. ഒന്നേകാല്‍ വര്‍ഷത്തോളം വീട്ടില്‍ തടങ്കലിലാക്കി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഫസ്നയ്ക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് സംശയിക്കുന്നു.
മുഖ്യപ്രതി ഷൈബിന് അഷറഫിന്റെ നിര്‍ദേശപ്രകാരം മൈസൂരുവില്‍നിന്ന് ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന ചന്തക്കുന്ന് പൂളക്കുളങ്ങര ഷബീബ് റഹ്മാന് (30), വണ്ടൂര്‍ പഴയ വാണിയമ്പലം സ്വദേശി ചീര ഷെഫീഖ് (28) എന്നിവരെ ഷൈബിന്റെ മുക്കട്ടയിലെ ആഡംബര വീട്ടിലെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.
ഷെരീഫിനെ തട്ടിക്കൊണ്ടുവരാനുള്ള ഗൂഢാലോചന നടത്തിയത് ഷൈബിന്റെ വീട്ടില്‍വച്ചായിരുന്നു. ഇതില്‍ പങ്കാളികളായവരാണ് കസ്റ്റഡിയിലുള്ള പ്രതികള്‍. ഗൂഢാലോചന നടത്തിയ സ്ഥലവും തട്ടിക്കൊണ്ടുവരാന്‍ ഉപയോഗിച്ച വാഹനവും പ്രതികള്‍ പൊലീസിന് കാണിച്ചുകൊടുത്തു. കസ്റ്റഡിയിലെടുത്ത ഓഡി ക്യൂ 7 കാര്‍ തൊണ്ടിമുതലായി പൊലീസ് കൊണ്ടുപോയി. ഷാബാ ഷെരീഫിനെ ചികിത്സക്കെന്ന വ്യാജേനെ മൈസൂരുവിലെ വീട്ടില്‍നിന്ന് ബൈക്കിലാണ് തട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് ഓഡി ക്യൂ 7 കാറിലും കഴിഞ്ഞദിവസം പിടിയിലായ അജ്മലിന്റെ പേരിലുള്ള മാരുതി എക്കോ വാനിലുമായി ഷൈബിന്റെ വീട്ടിലെത്തിക്കുകയായിരുന്നു