കോട്ടയം
ഓർത്തഡോക്സ് സഭ തെരഞ്ഞെടുത്ത ഏഴ് റമ്പാന്മാരെ കുന്നംകുളം പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലിൽ 28-ന് മെത്രാപോലീത്തമാരായി അഭിഷേകം ചെയ്യും. ഏബ്രഹാം തോമസ് റമ്പാൻ(53), പി സി തോമസ് റമ്പാൻ (53), ഡോ. ഗീവർഗീസ് ജോഷ്വാ റമ്പാൻ(50), ഗീവർഗീസ് ജോർജ് റമ്പാൻ(49), അഡ്വ. കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ(48), ഡോ. കെ ഗീവർഗീസ് റമ്പാൻ(48), ചിറത്തിലാട്ട് സഖറിയ റമ്പാൻ (44) എന്നിവരാണ് മെത്രാപോലീത്തമാരാകുന്നത്.
പഴഞ്ഞി കത്തീഡ്രൽ അങ്കണത്തിൽ ചേരുന്ന അനുമോദന സമ്മേളനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുമെന്നും സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടെ സഭയിലെ ബിഷപ്പുമാരുടെ എണ്ണം 31 ആകും.
മലങ്കര അസോസിയേഷൻ പത്തനാപുരത്ത് 4-ന്
സഭയുടെ അടുത്ത അഞ്ച് വർഷത്തേക്കുളള വൈദിക ട്രസ്റ്റി, അൽമായ ട്രസ്റ്റി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ആഗസ്ത് നാലിന് പത്തനാപുരം മൗണ്ട് താബോർ ദയറ അങ്കണത്തിൽ ചേരുമെന്നും ബാവാ അറിയിച്ചു. വിവിധ പള്ളികളെ പ്രതിനിധാനം ചെയ്ത് 1410 വൈദികരും 2891 അൽമായരും ഉൾപ്പെടെ 4301 അസോസിയേഷൻ അംഗങ്ങൾ പങ്കെടുക്കും. ഓൺലൈൻ/ഓഫ്ലൈൻ യോഗമാണിത്. സഭ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വൈദിക ട്രസ്റ്റി ഫാ. ഡോ. എം ഒ ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സഭ വക്താവ് ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ട്, പിആർഒ ഫാ. മോഹൻ ജോസഫ് എന്നിവരും പങ്കെടുത്തു.