മലപ്പുറം
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന ആക്രമണങ്ങളിൽ ലീഗ് അഖിലേന്ത്യാ നേതൃത്വം പ്രതികരിക്കുന്നില്ലെന്ന് കടുത്ത വിമർശം. ബിജെപി നേതാക്കളുടെ പ്രവാചകനിന്ദയിൽ ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി പ്രതികരിക്കാൻപോലും അഖിലേന്ത്യാ പ്രസിഡന്റ് ഖാദർ മൊയ്തീനോ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയോ തയ്യാറായിട്ടില്ല. യുപിയിലെയും ജഹാംഗീർപുരിയിലെയും ബുൾഡോസർ രാജിനെതിരെ പ്രതിഷേധിക്കാനോ ഭയന്നുകഴിയുന്നവരെ അവിടെയെത്തി ആശ്വസിപ്പിക്കാനോ നേതാക്കൾ തയ്യാറായില്ല. ലീഗിന്റെ വിവിധ സംസ്ഥാന ഘടകങ്ങളാണ് അഖിലേന്ത്യാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശം ഉയർത്തുന്നത്.
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് എന്നാണ് പേരെങ്കിലും ലീഗിനെ കേരള വിലാസം പാർടിയായി ഒതുക്കുകയാണെന്നാണ് വിവിധ സംസ്ഥാന ഘടകങ്ങളുടെ പരാതി. ഒരു വർഷമായി വിവിധ സംസ്ഥാനങ്ങളിൽ ലീഗിൽ അമർഷം പുകയുകയാണ്. കേരള പാർടിയുടെ അമിതാധികാരത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം മഹാരാഷ്ട്ര ഘടകം ലീഗ് ലയനം റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു. ഇതേ പരാതിയുന്നയിച്ചാണ് യൂത്ത് ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ബംഗാൾ സ്വദേശി സാബിർ ഗഫാർ ഒരു വർഷംമുമ്പ് രാജിവച്ചത്. ആന്ധ്ര, തെലങ്കാന, ജാർഖണ്ഡ്, അസം സംസ്ഥാനങ്ങളിലെ ലീഗിലും പ്രതിഷേധമുയർന്നു. ഇവിടങ്ങളിലെ ഭാരവാഹികൾ അന്ന് സോഷ്യൽ മീഡിയയിലൂടെ അഖിലേന്ത്യാ നേതാക്കൾക്കെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. തമിഴ്നാട്ടിൽ നേരത്തെ പ്രതിഷേധം ഉയർത്തിയ വനിതാ ലീഗ് നേതാവ് ഫാത്തിമ മുസഫറിനെ വനിതാ ലീഗ് അഖിലേന്ത്യാ പ്രസിഡന്റാക്കി. അഖിലേന്ത്യാ പ്രസിഡന്റ് ഖാദർ മൊയ്തീനാണ് ഇപ്പോഴും തമിഴ്നാട് സംസ്ഥാന പ്രസിഡന്റ്. ഇദ്ദേഹം സംസ്ഥാന പ്രസിഡന്റുസ്ഥാനം ഒഴിയണമെന്ന് ആവശ്യമുയർന്നിട്ടും തയ്യാറായില്ല.
മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ പ്രശ്നങ്ങളുണ്ടാകുമ്പോൾ അഖിലേന്ത്യാ പ്രസിഡന്റും ജനറൽ സെക്രട്ടറിയും കണ്ട ഭാവം നടിക്കുന്നില്ല.
കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന പ്രവർത്തക സമിതി യോഗത്തിൽ ഒരു ഉയർന്ന നേതാവ് ഈ വിഷയം ഉന്നയിച്ചിരുന്നു. ഡൽഹിയിൽ ദേശീയ ഓഫീസ് തുറക്കാനുള്ള ലീഗ് ദേശീയ സമ്മേളന തീരുമാനം അട്ടിമറിച്ചതായും എറണാകുളത്തെ യോഗത്തിൽ ആക്ഷേപമുയർന്നു. ജാർഖണ്ഡ്, അസം സംസ്ഥാനങ്ങളിലെ ലീഗ് ഘടകങ്ങളും മഹാരാഷ്ട്രയ്ക്ക് സമാനമായ പ്രതിഷേധം ഉയർത്തിയിരുന്നു.