‘അതൊരു ചിതയല്ല, ചങ്ങാതിമാരേ,
രാജ്യം ഇരുട്ടിലായപ്പോൾ അത് സ്വാതന്ത്ര്യത്തിന്റെ വെളിച്ചമായിരുന്നു
നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ജ്വാല’
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ബാജി റൗട്ടിനെക്കുറിച്ച് ജ്ഞാനപീഠ ജേതാവായ ഒഡിയ കവി സച്ചിദാനന്ത റൗത്രെ എഴുതിയ തോണിക്കാരൻ എന്ന കവിത തുടങ്ങുന്നതിങ്ങനെ.1938 ഒക്ടോബർ 11ന് രാത്രി ബ്രിട്ടീഷ് പൊലീസിന്റെ വെടിയേറ്റ് മരിക്കുമ്പോൾ ബാജിക്ക് പ്രായം 12 വയസ്സ്. ഒഡിഷ ധെങ്കനാലിലെ ഭുബൻ ഗ്രാമത്തിൽ ബ്രിട്ടീഷ് പൊലീസ് വ്യാപക ആക്രമണം നടത്തി. നിരവധി പേരെ അറസ്റ്റ് ചെയ്തു. ഇതിനെതിരെ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചവർക്കു നേരെ വെടിവച്ചു. ഇതിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഗ്രാമീണർ രാത്രി തിരിച്ചടിച്ചെക്കുമെന്ന ഭയം മൂലം പൊലീസുകാർ പുഴ കടന്ന് രക്ഷപ്പെടാൻ തീരുമാനിച്ചു. ഇത് തടയാൻ കടവിൽ ആളുകളെ നിയോഗിക്കാൻ ഗ്രാമീണർ തീരുമാനിച്ചു. ഈ ദൗത്യം ആവേശത്തോടെ ഏറ്റെടുത്തത് ബാജിയും കൂട്ടുകാരായ ലക്ഷ്മൺ മാലിക്കും ഫാഗൂ സാഹുവുമാണ്.
ബ്രാഹ്മണിപുഴയുടെ നീലകാന്താപൂർ ഘട്ടിലെ കടവിലായിരുന്നു ബാജിയും സംഘവും നിലയുറപ്പിച്ചത്. അവിടെയെത്തിയ ഒരു സംഘം ബ്രിട്ടീഷ് പൊലീസുദ്യോഗസ്ഥർ തോണിയെടുക്കാൻ ആവശ്യപ്പെട്ടു. മനസ്സില്ലെന്ന ബാജിയുടെ മറുപടിയിൽ ബ്രിട്ടീഷുകാർ പതറി. ലാത്തി ഉയർത്തി ആക്രോശിച്ചു. പക്ഷെ അവരെ ഭയപ്പെടുത്താനുള്ള കരുത്തൊന്നും ലാത്തികൾക്കുണ്ടായിരുന്നില്ല. ദേഷ്യം കൊണ്ട് സ്വയം മറന്ന ഉദ്യോഗസ്ഥൻ അരയിൽ നിന്ന് കൈത്തോക്ക് വലിച്ച് ഊരി കുട്ടികളുടെ നേരെ നിറയൊഴിച്ചു. ബാജിയും രണ്ട് കൂട്ടുകാരും രക്തസാക്ഷികളായി.
പട്ടിണി
പോരാട്ടത്തിനിറക്കി
1926 ഒക്ടോബർ അഞ്ചിന് ജനിച്ച ബാജി പ്രജാമണ്ഡലിന്റെ കുട്ടികളുടെ വിഭാഗമായ വാനർ സേനയുടെ സജീവ പ്രവർത്തകനായിരുന്നു. ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ട ബാജിയുടെ ഏക ആശ്രയം അമ്മയായിരുന്നു. പാടത്ത് പണിക്ക് പോകുന്ന അമ്മയെ സഹായിക്കാന്‍ അച്ഛന്റെ മരണശേഷം അദ്ദേഹത്തിന്റെ തോണിയിൽ ബ്രാഹ്മണിപുഴയിൽ ബാജി കടത്ത് നടത്തി.
ഭക്ഷണത്തിന് ഉപ്പില്ലാത്തത് എന്തെന്ന് തിരക്കിയപ്പോള്‍ നികുതി കൂടുതലായതിനാൽ ഉപ്പ് വാങ്ങാനായില്ല എന്നായിരുന്നു അമ്മയുടെ മറുപടി. അവശ്യ സാധനങ്ങളിൽ അധിക നികുതി ചുമത്തിയത് മൂലം ഗ്രാമത്തിൽ കടുത്ത പട്ടിണിയും ദാരിദ്ര്യവുമായിരുന്നു. ഇതിനെതിരെ വലിയ പോരാട്ടം നയിച്ചിരുന്നത് പ്രജാമണ്ഡൽ പ്രസ്ഥാനമായിരുന്നു. അങ്ങനെ ബാജിയും സംഘടനയുടെ ഭാഗമായി.
ജീവിതം വെള്ളിത്തിരയിലും
ബാജി റൗട്ടിന്റെ ധീരോജ്വലമായ പോരാട്ടം വെള്ളിത്തിരയിലുമെത്തി. ‘വീർ ബാജി റൗട്ട്: ദി അൺസങ് ഹീറോ’ എന്ന ഹിന്ദി ചിത്രം അഭിഷേക് പഹലും സിദ്ധാർഥും ചേർന്നാണ് ഒരുക്കിയത്. ബാജിയുടെ ജീവിതത്തെ ആസ്പദമാക്കി ‘ബാജി റൗട്ട്: ഇന്ത്യാസ് യങസ്റ്റ് ഫ്രീഡം ഫൈറ്റർ’ എന്ന ഹ്രസ്വ ചിത്രം ഒരുക്കിയത് ഒഡിഷയിലെ റാവൻഷോ സർവകലാശാലാ വിദ്യാർഥികളാണ്.