തിരുവനന്തപുരം
കിഫ്ബിയെ തകർക്കാൻ ദുരുപയോഗിക്കുന്നത് മൂന്ന് കേന്ദ്ര ഏജൻസിയെ. കിഫ്ബിയുടെ വിപണിയിലെ ഫണ്ട് സമാഹരണവും ബ്രാൻഡും തകർക്കാനാണ് ശ്രമം. എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് (ഇഡി), കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലും (സിഎജി), ആദായ നികുതിവകുപ്പും (ഐടിവകുപ്പ്) സംയുക്തമായാണ് കിഫ്ബി വേട്ടയ്ക്കിറങ്ങുന്നത്. കിഫ്ബി ഉദ്യോഗസ്ഥരെയും ഭരണനേതൃത്വത്തെയും നിഷ്ക്രിയരാക്കാനാണ് ഇഡി ശ്രമം. കരാറുകാർക്ക് നൽകുന്ന തുകയുടെ നികുതിയുടെ പേരുപറഞ്ഞ് കിഫ്ബി ഓഫീസിൽ അനാവശ്യ പരിശോധനകൾക്കും പരിഭ്രാന്തി സൃഷ്ടിക്കലിനുമാണ് ഐടിവകുപ്പിന്റെ നോട്ടം. സംസ്ഥാന ബജറ്റിനു പുറത്ത് കിഫ്ബി സമാഹരിക്കുന്ന ഫണ്ട് ഇല്ലാതാക്കാനുള്ള ഗൂഢനീക്കങ്ങൾ നടപ്പാക്കുകയാണ് സിഎജി.
പദ്ധതി നടപ്പാക്കുന്ന പ്രത്യേകോദ്ദേശ്യ സ്ഥാപനങ്ങൾ (എസ്പിവി) കരാറുകാർക്ക് നൽകുന്ന ബിൽ തുകയുടെ ഉറവിടത്തിൽ ആദായ നികുതി (ടിഡിഎസ്) ഈടാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇഡി കിഫ്ബിയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത്. ടിഡിഎസ് ഉൾപ്പെടെ നികുതികളെല്ലാം കരാറുകാരുടെ ബിൽ തുകയിൽ ഈടാക്കി അടയ്ക്കേണ്ടത് എസ്പിവിയാണ്. എന്നിട്ടും ആദായ നികുതി കമീഷണറുടെ നേതൃത്വത്തിൽ പതിനഞ്ചോളം ഉദ്യോഗസ്ഥർ കിഫ്ബി ഓഫീസിൽ മുന്നറിയിപ്പില്ലാതെ കടന്നുകയറി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും മുതിർന്ന ഉദ്യോഗസ്ഥരെയും 10 മണിക്കൂറോളം തടഞ്ഞുവച്ചു. ഹൈക്കോടതി ഇടപെട്ടാണ് അനാവശ്യ നടപടി താൽക്കാലികമായി അവസാനിപ്പിച്ചത്. കിഫ്ബിയിൽ ഓഡിറ്റ് സുഗമമായി പുരോഗമിക്കുന്നതിനിടയിലാണ് വിരുദ്ധമായ കാര്യങ്ങൾ സിഎജി മാധ്യമ സഹായത്തോടെ പ്രചരിപ്പിച്ചത്. ഓഡിറ്റിനെ കിഫ്ബി എതിർക്കുന്നുവെന്ന് വരുത്തിത്തീർക്കാനായി ശ്രമം. എന്നാൽ, ഓഡിറ്റിനുള്ള എല്ലാ സൗകര്യങ്ങളും സിഎജിക്കായി കിഫ്ബി ഒരുക്കിയിരുന്നു.
2020ലെ സംസ്ഥാന ധനകാര്യം സംബന്ധിച്ച ഓഡിറ്റ് സിഎജി പൂർത്തിയാക്കുന്നതിനിടയിലായിരുന്നു വിരുദ്ധ പ്രചാരണം. ഈ റിപ്പോർട്ടിലെ പരാമർശങ്ങൾ യുക്തിസഹമായിരുന്നില്ല. സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയെയും കിഫ്ബി, പെൻഷൻ കമ്പനി പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നവയായി.