ന്യൂഡൽഹി
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ആദിവാസി വിഭാഗത്തിൽനിന്നുള്ള ആദ്യ രാഷ്ട്രപതിയാണ്. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ രാഷ്ട്രപതിയെന്ന പ്രത്യേകതയുമുണ്ട്. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ചീഫ്ജസ്റ്റിസ് എൻ വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞ രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം ബിർള, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാർ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഗവർണർമാർ, മുഖ്യമന്ത്രിമാർ, എംപിമാർ തുടങ്ങിയവർ പങ്കെടുത്തു.
രാജ്യത്തെ പാവങ്ങൾക്കും സ്വപ്നങ്ങൾ യാഥാർഥ്യമാക്കാമെന്നതിന് ഉദാഹരണമാണ് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തന്റെ തെരഞ്ഞെടുപ്പെന്ന് സ്ഥാനമേറ്റ ശേഷമുള്ള ആദ്യ അഭിസംബോധനയിൽ ദ്രൗപദി പറഞ്ഞു. ദുർബല ജനവിഭാഗങ്ങളുടെ ക്ഷേമത്തിലായിരിക്കും താൻ ശ്രദ്ധയൂന്നുകയെന്നും അവർ വ്യക്തമാക്കി.
പരമ്പരാഗത സാന്താളി സാരി അണിഞ്ഞാണ് ദ്രൗപദി ചടങ്ങിനെത്തിയത്. മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ട് രാവിലെ സന്ദർശിച്ചു. തുടർന്ന് രാഷ്ട്രപതി ഭവനിലെത്തി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും രാഷ്ട്രപതിയുടെ ഔദ്യോഗിക കാറിൽ അംഗരക്ഷകരുടെ അകമ്പടിയോടെ പാർലമെന്റിലേക്ക് തിരിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം ബിർള, ചീഫ്ജസ്റ്റിസ് എൻ വി രമണ എന്നിവർ ഇരുവരെയും സ്വീകരിച്ചു. സെൻട്രൽ ഹാളിലേക്ക് പ്രവേശിച്ച ദ്രൗപദിയെ നിറഞ്ഞ കൈയടിയോടെ സദസ്സ് വരവേറ്റു.
സത്യപ്രതിജ്ഞയ്ക്കുശേഷം രജിസ്റ്ററിൽ ഒപ്പുവച്ച് പദവി ഏറ്റെടുത്തു. തുടർന്ന് ആദ്യ അഭിസംബോധന. പ്രധാനമന്ത്രി അടക്കമുള്ളവരെ അഭിവാദ്യം ചെയ്തശേഷം കോവിന്ദുമൊത്ത് രാഷ്ട്രപതി ഭവനിലേക്ക് മടങ്ങി. രാഷ്ട്രപതി ഭവൻ അങ്കണത്തിൽ മൂന്ന് സേനാവിഭാഗത്തിന്റെയും ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. സേനാവിഭാഗങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയശേഷം രാഷ്ട്രപതി ഭവനിൽ ചുമതല ഏറ്റെടുത്തു. താൽക്കാലിക വസതിയിലേക്ക് മാറിയ കോവിന്ദിനെ ദ്രൗപദിയും അനുഗമിച്ചു. പുതിയ രാഷ്ട്രപതിയെ ലോകനേതാക്കളായ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ തുടങ്ങിയവർ ആശംസ അറിയിച്ചു.