കോഴിക്കോട്
ഭിന്നതയും ചേരിതിരിവും ആശയപാപ്പരത്തവും മൂലം ഊർധ്വം വലിക്കുന്ന കോൺഗ്രസിൽ മാറ്റം കൊണ്ട് വരാൻ സംഘടിപ്പിച്ച ചിന്തൻശിബിറും ലക്ഷ്യം കണ്ടില്ല. നേതാക്കളുടെ ബഹിഷ്കരണവും നേതൃത്വത്തിനെതിരായ രൂക്ഷ വിമർശനവും തീർത്ത മുറിവുകളോടെ രണ്ട് ദിവസത്തെ പരിപാടി സമാപിച്ചു. നേതാക്കൾക്കിടയിലെ ഭിന്നിപ്പ് പ്രകടമാക്കിയ ശിബിർ പൊതുവായ തീരുമാനമെടുക്കുന്നതിൽ പരാജയപ്പെട്ടു. പ്രധാന നേതാക്കൾ വിട്ട് നിന്നതും നേതൃത്വത്തിനെതിരെ കെ മുരളീധരൻ പരസ്യമായി രംഗത്തെത്തിയതും തിരിച്ചടിയായി.
എ കെ ആന്റണിയും വയലാർ രവിയും ആര്യാടൻ മുഹമ്മദും ഉൾപ്പെടെ 22പേരാണ് ശിബിറിൽനിന്ന് വിട്ടുനിന്നത്. 16 പേർ ആരോഗ്യ–-വ്യക്തിപരമായ കാരണങ്ങളാൽ എത്തിയില്ലെന്ന് വ്യക്തമാക്കിയ നേതൃത്വം മറ്റുള്ളവരുടെ കാര്യത്തിൽ അതൃപ്തി പ്രകടമാക്കി. മുൻ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനോടും വി എം സുധീരനോടും വിശദീകരണം തേടുമെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇത് ശരിവച്ചു. ശിബിറിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം.
ആരെയും മാറ്റി നിർത്തുന്നത് ശരിയല്ലെന്ന് തുറന്നടിച്ച കെ മുരളീധരൻ കോൺഗ്രസിൽ ഗ്രൂപ്പ് വീതം വെപ്പ് മാറി വ്യക്തികളുടെ വീതം വെപ്പാണ് നടക്കുന്നതെന്നും കുറ്റപ്പെടുത്തി. കെപിസിസി ഭാരവാഹികളെ നിർണയിച്ചതിൽ ഈ പിഴവുണ്ടായതായും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. രമേശ് ചെന്നിത്തലയും ഇതേ ആശയം പങ്കിട്ടു.
ആദ്യ ദിനം പൂർണമായി വിട്ടുനിന്ന മുരളീധരൻ ഞായറാഴ്ചയാണ് ശിബിറിൽ എത്തിയത്. മകന്റെ വിവാഹമാണ് കാരണമായി പറഞ്ഞത്. നഗരത്തിന് തൊട്ടടുത്ത വെസ്റ്റ്ഹിൽ രജിസ്ട്രാർ ഓഫീസിലായിരുന്നു സെപ്ഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം. എന്നിട്ടും വിട്ടുനിന്ന് അതൃപ്തി പരസ്യമാക്കുകയായിരുന്നു മുരളീധരൻ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാവട്ടെ ആദ്യദിനം തന്നെ മടങ്ങി.