ഒറിഗോൺ> വനിതകളുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണിക്ക് ഏഴാംസ്ഥാനം. രണ്ടാമത്തെ ഏറിൽ 61.12 മീറ്ററാണ് താണ്ടിയത്. 12 പേർ അണിനിരന്ന ഫൈനലിൽ മെഡലിലേക്ക് എത്താൻ ഈ ദൂരം മതിയായില്ല.
ഓസ്ട്രേലിയയുടെ കെൽസി ലീ ബാബർ 66.91 മീറ്റർ പായിച്ച് ലോക കിരീടം നിലനിർത്തി. അമേരിക്കയുടെ കാരാ വിങ്ങർ 64.05 മീറ്ററോടെ വെള്ളി നേടി. ജപ്പാന്റെ ഹരുക കിറ്റാഗുചി 63.27 മീറ്ററിൽ ചരിത്രം തിരുത്തി വെങ്കലം സ്വന്തമാക്കി. ലോകവേദിയിൽ ജപ്പാൻ ജാവലിൻ ത്രോ മെഡൽ നേടുന്നത് ആദ്യം.
ഉത്തർപ്രദേശിൽനിന്നുള്ള ഇന്ത്യയുടെ ദേശീയ റെക്കോഡുകാരിയുടെ ആദ്യ ഏറ് 56.18 മീറ്ററായിരുന്നു. രണ്ടാമത്തെ ത്രോമാത്രമാണ് 60 മീറ്റർ കടന്നത്. തുടർന്ന് 59.27 മീറ്റർ, 58.14 മീറ്റർ, 59.98 മീറ്റർ, 58.70 മീറ്റർ എന്നിങ്ങനെയായിരുന്നു ബാക്കി ഏറുകൾ.ഇരുപത്തൊമ്പതുകാരിയുടെ മൂന്നാമത്തെ ലോകചാമ്പ്യൻഷിപ്പാണ്. 2017ൽ ഫൈനലിലെത്തിയില്ല. 2019ൽ ദോഹയിൽ ഇതേദൂരത്തോടെ (61.12 മീറ്റർ) എട്ടാമതായിരുന്നു. ദേശീയ റെക്കോഡ് 63.82 മീറ്റർ.