ഒറിഗോൺ> ഒരുപക്ഷേ വായനക്കാർ ഈ ആശംസ വായിക്കുമ്പോഴേക്കും ഇന്ത്യയുടെ നീരജ് ചോപ്ര മെഡലിലേക്ക് ജാവലിൻ പായിച്ചിട്ടുണ്ടാകും. രാജ്യമാകെ കാത്തിരിക്കുന്ന പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനൽ ഇന്ന് രാവിലെ 7.05നാണ്. ഒളിമ്പിക്സ് ചാമ്പ്യനായ നീരജിനൊപ്പം 11 പേർ മെഡലിനായി ഇറങ്ങും. രോഹിത് യാദവും ഫൈനലിൽ എത്തിയിട്ടുണ്ട്.
ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കാകെയുള്ളത് 2003ൽ പാരിസിൽ അഞ്ജു ബോബി ജോർജ് നേടിയ വെങ്കലമാണ്. വനിതകളുടെ ലോങ്ജമ്പിലായിരുന്നു ഏകമെഡൽ. 19 വർഷത്തിനുശേഷം ലോകവേദിയിൽ ഇന്ത്യയുടെ ചിരി വിടരുമോയെന്ന് നെഞ്ചിടിപ്പോടെ കാത്തിരിക്കാം.
യോഗ്യതാറൗണ്ടിൽ രണ്ടാമനായാണ് ഇരുപത്തിനാലുകാരൻ ഫൈനലിലേക്ക് യോഗ്യത നേടിയത്. 88.39 മീറ്ററിന്റെ ഒറ്റ ത്രോ. നിലവിലെ ലോകചാമ്പ്യൻ ഗ്രെനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സാണ് പ്രധാന എതിരാളി. ചെക്ക് താരം ജാക്കൂബ് വാഡിൽജകുണ്ട്. ഇരുവരും 90 മീറ്റർ കടന്നവരാണ്. നീരജിന്റെ ദേശീയ റെക്കോഡ് 89.94 മീറ്റർ. ടോക്യോ ഒളിമ്പിക്സിൽ 87.58 മീറ്റർ എറിഞ്ഞായിരുന്നു സ്വർണം.
നാലാംറാങ്കുകാരനായ നീരജ് ഒളിമ്പിക്സിനുശേഷം പങ്കെടുത്ത മൂന്നു മീറ്റിലും മെഡൽ നേടി.
ഫൈനലിൽ എത്തിയവരും യോഗ്യതാറൗണ്ടിൽ കുറിച്ച ദൂരവും
ആൻഡേഴ്സൺ പീറ്റേഴ്സ് (ഗ്രെനഡ) 89.91 മീറ്റർ
നീരജ് ചോപ്ര (ഇന്ത്യ) 88.39
ജൂലിയൻ വെബർ (ജർമനി) 87.28
ജാകൂബ് വാഡിൽജക് (ചെക്ക്) 85.23
എൽഹാദ് അബ്ദുറഹ്മാൻ (ഈജിപ്ത്) 83.41
ഒളിവർ ഹിലാൻഡർ (ഫിൻലൻഡ്) 82.41
റോഡ്രറിക് ജെൻകി ഡീൻ (ജപ്പാൻ) 82.34
ക്വാർട്സ് തോംപ്സൺ (അമേരിക്ക) 81.73
അർഷാദ് നദീം (പാകിസ്ഥാൻ) 81.71
ആൻഡ്രിയാൻ മർഡനെ (മൾഡോവ) 80.83
രോഹിത് യാദവ് (ഇന്ത്യ) 80.42
ലാസി ഇറ്റലാറ്റലോ (ഫിൻലൻഡ്) 80.03