നെടുമങ്ങാട്> സിപിഐയും സിപിഐ എമ്മും കൂടുതൽ ഐക്യത്തോടെ മുന്നോട്ടു പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേട്ടകോട്ടങ്ങളുടെ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങളെ വിലയിരുത്തുക കമ്യൂണിസത്തിന്റെ ശൈലിയല്ല. രാജ്യത്ത്കോൺഗ്രസും ബിജെപിയും തമ്മിലുള്ള അതിർവരമ്പ് തീർത്തും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ബിജെപിയിലേക്ക് കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും കുത്തൊഴുക്കാണ് . വർഗീയത പ്രചരിപ്പിക്കുന്നവർ ആരായാലും അതു ഭൂരിപക്ഷ വിഭാഗമായാലും ന്യൂനപക്ഷമായാലും ഒരേ ബ്ലഡ് ഗ്രൂപ്പുകാരാണ്. യുക്തിയുടെയും ശാസ്ത്രത്തിന്റെയും മൂല്യമുൾക്കൊള്ളുന്ന ഒരു തലമുറയാണ് വേണ്ടത്.
നവോത്ഥാന മുന്നേറ്റങ്ങളിൽ അടിയുറച്ചുള്ള മുന്നേറ്റം അത്രമേൽ അനിവാര്യമായ ഘട്ടംകൂടിയാണ്. സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങൾക്കുമായി മുന്നോട്ടു പോകാൻ ഇടതു- പുരോഗമന പ്രസ്ഥാനങ്ങൾക്കേ കഴിയൂ എന്നും കാനം പറഞ്ഞു.