കൊച്ചി> കിഫ്ബിക്കെതിരായ ഇഡി നീക്കം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സർക്കാരിനും പാർടിക്കുമെതിരെ നടത്തുന്ന കടന്നാക്രമണമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തടയുകയാണ് ലക്ഷ്യം. കിഫ്ബി ഏറ്റെടുത്ത വികസന പ്രവർത്തനങ്ങൾ പൂർത്തിയായാൽ ബിജെപിക്കും പ്രതിപക്ഷങ്ങൾക്കും വലിയ തിരിച്ചടിയാകും- തോമസ് ഐസക് കൊച്ചിയിൽ വാർത്താലേഖകരോടു പറഞ്ഞു.
തനിക്ക് നോട്ടീസ് തന്നത് കിഫ്ബി വിദേശനാണയ നിയന്ത്രണചട്ടത്തിന്റെ (ഫെമ) ലംഘനമെന്ന പേരിലാണ്. ഫെമപ്രകാരം ആർക്കെല്ലാമാണ് മസാല ബോണ്ട് എടുക്കാൻ അവകാശമുള്ളതെന്ന് തീരുമാനിക്കുന്നത് റിസർവ് ബാങ്കാണ്. റിസർവ് ബാങ്കിന്റെ നടപടിക്രമങ്ങൾ പാലിച്ചതിന്റെ ഭാഗമായാണ് കേരളത്തിന് അനുവദിച്ചത്. കഴിഞ്ഞ മൂന്നുവർഷമായി എല്ലാ മാസവും ഈ തുകയുടെ വിന്യാസം സംബന്ധിച്ച് റിസർവ് ബാങ്കിനെ അറിയിക്കാറുണ്ട്. എന്തെങ്കിലും ക്രമക്കേടുണ്ടെങ്കിൽ ആദ്യം പറയേണ്ടത് റിസർവ് ബാങ്കാണ്.
തട്ടിപ്പ് കണ്ടുപിടിക്കാനാണ് ഇഡി വരേണ്ടത്. റിസർവ് ബാങ്കിന് അറിവില്ലാത്ത ക്രമക്കേട് ഇഡിക്ക് എങ്ങനെ അറിയാം. രണ്ടുവർഷമായി അന്വേഷിച്ചിട്ട് ഒന്നും കിട്ടിയില്ല. കിഫ്ബിയുടെ ഉദ്യോഗസ്ഥരെ കഴിഞ്ഞമാസങ്ങളിൽ ഇഡി വിളിപ്പിച്ചിരുന്നു. എന്നാൽ, വേണ്ടത്ര വാർത്താപ്രാധാന്യം കിട്ടതായതോടെയാണ് മുൻമന്ത്രി എന്ന നിലയിൽ തന്നെ വിളിപ്പിച്ചത്. ഇഡി വിളിപ്പിച്ചാൽ തന്റെ സൗകര്യംകൂടി പരിഗണിച്ച് ഹാജരാകും. അന്വേഷണത്തോട് നിയമപരമായി സഹകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.