ന്യൂഡൽഹി> കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ ഗോവയിലെ റെസ്റ്റോറന്റ് മരിച്ച ആളുടെ പേരിൽ ബാർ ലൈസൻസ് പുതുക്കിയത് വിവാദമാകുന്നു. വടക്കൻഗോവയിലെ ആസ്ഗാവിൽ സ്മൃതി ഇറാനിയുടെ മകൾ സോയീഷ് ഇറാനിയുടെ പേരിലുള്ള റെസ്റ്റോറന്റിന്റെ ബാർലൈസൻസ് കഴിഞ്ഞ മാസമാണ് പുതുക്കി നൽകിയത്. എന്നാൽ, 2021 മെയ് മാസം മരിച്ചുപോയ ആന്റണി ഡിഗാമയുടെ പേരിൽ വ്യാജരേഖകൾ ചമച്ചാണ് ബാർലൈൻസിന് അപേക്ഷ നൽകിയതെന്ന ആരോപണവുമായി അഭിഭാഷകനായ ഐറസ് റോഡറിഗസ് പരാതി നൽകി.
പരാതിയിൽ ഗോവ എക്സൈസ് കമീഷണർ ‘സില്ലി കൗൾ കഫേ ആൻഡ് ബാറിന് ’ നോട്ടീസ് അയച്ചു. വിഷയത്തിൽ 29ന് വാദംകേൾക്കൽ നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിയുടെ മകൾ അനധികൃതബാർ നടത്തുന്ന കാര്യം പുറത്തുവന്ന സാഹചര്യത്തിൽ സ്മൃതി ഇറാനിയെ മന്ത്രിസഭയിൽ നിന്നും ഉടൻ പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ബാറിന് നോട്ടീസയച്ച ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഗോവയിലെ നിയമപ്രകാരം ഒരു റെസ്റ്റോറന്റിന് ഒരു ബാർ ലൈസൻസ് മാത്രമേ അനുവദിക്കുകയുള്ളു. എന്നാൽ, ഇവിടെ രേഖകൾ കെട്ടിചമച്ച് മറ്റൊരു ബാർ ലൈസൻസ് കൂടി ഉണ്ടാക്കിയിരിക്കുന്നു. അതീവഗുരുതരമായ ആരോപണമാണ് കേന്ദ്രമന്ത്രിക്കും മകൾക്കും എതിരെ ഉയർന്നിട്ടുള്ളത്.
ഈ സാഹചര്യത്തിൽ അവർ അടിയന്തിരമായി രാജിവെക്കണം. അല്ലെങ്കിൽ, പ്രധാനമന്ത്രി ഇടപെട്ട് അവരെ പുറത്താക്കണം– കോൺഗ്രസ് വക്താവ് പവൻഖേര ആവശ്യപ്പെട്ടു. സോണിയയും രാഹുലും 5000 കോടി കൊള്ളയടിച്ചത് ചൂണ്ടിക്കാണിച്ച് താൻ വാർത്താസമ്മേളനം നടത്തിയത് കൊണ്ടാണ് മകൾക്ക് എതിരെ ഇത്തരം ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയതെന്ന് സമൃതിഇറാനി പ്രതികരിച്ചു. തന്റെ മകൾ കോളേജിൽ പഠിക്കുന്ന 18കാരിയാണ്. മകളുടെ പേരിൽ ഒരിടത്തും ബാറില്ല. എന്നിട്ടും മനഃപൂർവ്വം അപകീർത്തിയപ്പെടുത്തിയ കോൺഗ്രസ് നേതാക്കൾക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.