തിരുവനന്തപുരം
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിന്റെ ഭദ്രത സ്മാർട്ട് ചിട്ടികൾക്ക് തുടക്കം. സമ്മാന പദ്ധതികളും ആനുകൂല്യങ്ങളും കോർത്തിണക്കിയ പുതിയ ചിട്ടികളുടെ ഉദ്ഘാടനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു.
ലാഭത്തിന്റെ ഭാഗം ഇടപാടുകാർക്ക് തിരിച്ചുകൊടുക്കുന്ന നയത്തിന്റെ ഭാഗമായാണ് ഭദ്രതാ സ്മാർട്ട് ചിട്ടികൾ ആരംഭിച്ചത്. പദ്ധതിയിൽ ചിട്ടി വരിക്കാർക്കായി നടക്കുന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഒരു കോടി രൂപയുടെ ഫ്ളാറ്റ് അല്ലെങ്കിൽ വില്ല ആയിരിക്കും. മേഖലാതലത്തിൽ 70 ഇലക്ട്രിക് കാറും 100 ഇലക്ട്രിക് സ്കൂട്ടറും ഉൾപ്പെടെ ആകെ 10.5 കോടി രൂപയുടെ സമ്മാനങ്ങൾ നൽകും. ചിട്ടിയുടെ ആദ്യ ലേലത്തിനുശേഷം സലയുടെ പകുതിവരെ ചിട്ടി വായ്പ അനുവദിക്കും. വരിക്കാർക്ക് ഗൃഹോപകരണങ്ങൾ, ലാപ്ടോപ്പ്, ഇലക്ട്രോണിക്സ് സാധനങ്ങൾ എന്നിവ വാങ്ങാൻ വായ്പയ്ക്ക് പ്രത്യേക പലിശയിളവും അനുവദിക്കും. ചടങ്ങിൽ കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ അധ്യക്ഷനായി.
ബോർഡ് അംഗം ഡോ. കെ എൻ ഗംഗാധരൻ, മാനേജിങ് ഡയറക്ടർ വി പി സുബ്രഹ്മണ്യൻ, കെഎഎഫ്ഇ സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് മുരളീകൃഷ്ണ പിള്ള, കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എസ് അരുൺ ബോസ്, എഫ്ഇഇഎ ജനറൽ സെക്രട്ടറി എസ് വിനോദ്, കെഎസ്എഫ്ഇ അസിസ്റ്റന്റ് ജനറൽ മാനേജർ എൻ സരസ്വതി എന്നിവർ സംസാരിച്ചു.