തൃക്കാക്കര
കൃഷിഭൂമി പുരയിടമാക്കി നൽകാമെന്നുപറഞ്ഞ് വ്യാജരേഖയുണ്ടാക്കി വൈദികനിൽനിന്ന് 2.40 ലക്ഷം രൂപ തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് നേതാവിനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് തൃക്കാക്കര മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് ഹാഷിം അബ്ദുൾ ലത്തീഫാണ് (29) അറസ്റ്റിലായത്. ഹാഷിമിനെ റിമാൻഡ് ചെയ്തു.
കുന്നത്തുനാട് ഐക്കരനാട് വള്ളിക്കാട്ടിൽ വീട്ടിൽ ഫാ. ഗീവർഗീസ് ജോണിന്റെ ഭാര്യാമാതാവിന്റെയും സഹോദരിയുടെയും തൃക്കാക്കരയിലുള്ള 92 സെന്റ് കൃഷിയിടം പുരയിടമാക്കി തരംമാറ്റി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പണം തട്ടിയത്. കണയന്നൂർ തഹസിൽദാരുടെയും വില്ലേജ് ഓഫീസറുടെയും പേരിൽ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് വസ്തുവിന്റെ പോക്കുവരവ് നടത്തി കരമടച്ച രശീത് ഉണ്ടാക്കി നൽകി കബളിപ്പിച്ചു.
ഹാഷിം നൽകിയ രേഖകളിൽ സംശയംതോന്നി റവന്യുവകുപ്പിലെ മറ്റൊരു ഉദ്യോഗസ്ഥനെ കാണിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് തൃക്കാക്കര പൊലീസിൽ പരാതി നൽകി. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പ്രതി ഇത്തരത്തിലുള്ള തട്ടിപ്പുകൾ വ്യാപകമായി നടത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇയാൾവഴി വിവിധ സർട്ടിഫിക്കറ്റുകൾ വാങ്ങിയവരെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ തഹസിൽദാരുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസും കേസ് എടുത്തിട്ടുണ്ട്.
ഉമ തോമസ് എംഎൽഎയുമായി അടുപ്പംപുലർത്തുന്ന ഹാഷിമിന്റെ തട്ടിപ്പ് എംഎൽഎ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് ഡിവൈഎഫ്ഐ തൃക്കാക്കര ബ്ലോക്ക് സെക്രട്ടറിയറ്റ് ആരോപിച്ചു. ഓഫീസിലെ ജീവനക്കാരുടെ ഒത്താശയോടെയാണ് വ്യാജരേഖകൾ സൃഷ്ടിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതെന്ന് നേതാക്കൾ പറഞ്ഞു. ഹാഷിമിന് കോൺഗ്രസ് ഉന്നത നേതൃത്വവുമായി അടുത്തബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.