കൊച്ചി
സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ വ്യാഴാഴ്ച നൽകിയ പുതിയ സത്യവാങ്മൂലം പുറത്തുവന്നതോടെ പൊളിയുന്നത് മുൻമന്ത്രി കെ ടി ജലീലിനെതിരെ സ്വപ്നയും ചില മാധ്യമങ്ങളും പറഞ്ഞുവന്ന കള്ളത്തരങ്ങൾ. ജലീലിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിടുമെന്ന് മാധ്യമങ്ങളോട് പറഞ്ഞ് ഹൈക്കോടതിയിൽ കൊടുത്ത സത്യവാങ്മൂലം സ്വപ്നയെത്തന്നെ തിരിഞ്ഞുകുത്തുന്നു. സ്വർണക്കടത്തും ഡോളർകടത്തുമായി ബന്ധപ്പെടുത്തി ജലീലിനെതിരെ വ്യാജ ആരോപണങ്ങൾ പടച്ചുവിടുന്ന സ്വപ്ന, കോടതിയിൽ പ്രധാനമായും ആരോപിക്കുന്നത് ഒരു പത്രം ഗൾഫിൽ നിരോധിക്കാൻ ആവശ്യപ്പെട്ടുവെന്ന പുതിയ കഥ.
കോവിഡ്കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിന് കോൺസൽ ജനറലിന്റെ പിഎയ്ക്ക് സന്ദേശമയച്ചു, ഗൾഫിൽ മലയാളികളായ കോവിഡ് രോഗികൾ മരിക്കുകയാണെന്ന് അടിസ്ഥാനരഹിതമായ വാർത്ത ഗൾഫിൽ എഡിഷനുള്ള പത്രം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ആ പത്രം ഗൾഫിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺസൽ ജനറലിന്റെ ഓഫീസിലേക്ക് ഇ–-മെയിൽ അയച്ചു, കോൺസൽ ജനറലുമായി പലതവണ കൂടിക്കാഴ്ച നടത്തി എന്നിവയാണ് സ്വപ്ന സത്യവാങ്മൂലത്തിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ. താൻ പ്രോട്ടോകോൾ ലംഘിച്ച് ആർക്കും ഔദ്യോഗിക കത്ത് നൽകിയിട്ടില്ലെന്ന് ജലീൽ വ്യക്തമാക്കിയതോടെ സ്വപ്നയുടെ കഥകളെല്ലാം പൊളിയുകയാണ്. സ്വപ്നയുടെ ഗൂഢാലോചനയ്ക്കെതിരെ ജലീൽ പരാതി നൽകിയതോടെയാണ് അദ്ദേഹത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
‘മാധ്യമം’ നിരോധിക്കണമെന്ന്
ആവശ്യപ്പെട്ടിട്ടില്ല: കെ ടി ജലീൽ
‘മാധ്യമം’ ദിനപത്രം നിരോധിക്കാൻ ഇടപെട്ടെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് കെ ടി ജലീൽ എംഎൽഎ. സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ഫോട്ടോവച്ച് ‘മാധ്യമം’ ഫീച്ചർ പ്രസിദ്ധീകരിച്ചു. അത് പ്രവാസികൾക്കിടയിൽ വല്ലാത്ത അങ്കലാപ്പുണ്ടാക്കി. അതിന്റെ നിജസ്ഥിതി അറിയാൻ അന്നത്തെ കോൺസൽ ജനറലിന്റെ പിഎയ്ക്ക് വാട്സാപ് സന്ദേശം അയച്ചു. കോൺസൽ ജനറലിന് മെയിലും അയച്ചു. അതിൽ എവിടെയും ഏതെങ്കിലും പത്രം നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ല.
കോൺസൽ ജനറലുമായി ബിസിനസ് ബന്ധമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. ജീവിതത്തിൽ യൂത്ത് ലീഗിന്റെ സെക്രട്ടറിയായിരുന്ന കാലത്ത് ട്രാവൽ ഏജൻസി നടത്തിയതൊഴിച്ചാൽ മറ്റൊരു ബിസിനസിലും പങ്കാളിയായിട്ടില്ല. നികുതി അടയ്ക്കാത്ത ഒരു രൂപപോലും കൈവശമില്ല. എല്ലാ ബാങ്ക് അക്കൗണ്ടും ഇഡി പരിശോധിച്ചതാണ്. സ്വർണക്കടത്തിൽ എനിക്ക് പങ്കുണ്ടെന്ന് ഇപ്പോൾ പ്രതി പറയുന്നില്ല. ഇത്രയും കാലം, ഖുർ ആന്റെ മറവിലും ഇന്തപ്പഴത്തിലും സ്വർണം കടത്തി എന്നായിരുന്നു പ്രചരിപ്പിച്ചത്. അതേതായാലും ഇപ്പോൾ പറയാത്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.