തിരുവനന്തപുരം> വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ ശബരീനാഥന്റെ സന്ദേശം പുറത്തുവന്നതിന്റെ പേരില്‍ യൂത്ത്കോണ്‍ഗ്രസ് രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റുമാരെ സസ്പെന്‍ഡ് ചെയ്തു. എന്‍ എം നുസൂര്‍, എസ് എം ബാലു എന്നിവര്‍ക്കെതിരെയാണ് നടപടി.
യൂത്ത് കോണ്‍ഗ്രസില്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രതികാര നടപടിനീക്കമാണിതെന്ന് നേതാക്കള്‍ ആരോപിക്കുന്നു. കാലങ്ങളായി ഷാഫി നോട്ടമിട്ട ഇരുവരെയും തക്കം കിട്ടിയപ്പോള്‍ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. വെള്ളി രാവിലെ പത്രസമ്മേളനത്തില്‍ എല്ലാം തുറന്നു പറയുമെന്ന് നുസൂര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ ജില്ലാ ഭാരവാഹിയായ യുവതിയെ സംസ്ഥാന എക്സിക്യൂട്ടീവംഗം പീഡിപ്പിച്ച സംഭവം പുറത്തുവിട്ടതും ഇതേ വൈസ് പ്രസിഡന്റുമാരാണ് എന്ന് ഷാഫി വിഭാഗക്കാര്‍ പ്രചരിപ്പിച്ചിരുന്നു. ശബരീനാഥന്റെ ഗൂഢാലോചന സന്ദേശം പുറത്തുവന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 13 യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് കത്ത് നല്കിയതിനുപിന്നില് നസൂര് ആണെന്നതും ഷാഫിയെ ക്ഷുഭിതനാക്കി.
ആസൂത്രണങ്ങളുടെ പിന്നാമ്പുറ കഥകള്‍ പുറത്തുവരുന്നുവെന്നതാണ് ഷാഫിയെ വെട്ടിലാക്കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ നടന്ന പീഡനം അന്വേഷിക്കാന്‍ ഡല്‍ഹിയില്‍നിന്നെത്തിയ രണ്ട് നേതാക്കള്‍ക്കുമുന്നില്‍ ഇരയായ യുവതി കഴിഞ്ഞ ദിവസം മൊഴികൊടുത്തിരുന്നു. ക്യാമ്പില്‍വച്ച് അരുതാത്തത് നടന്നു, പക്ഷേ, പരാതിയുമായി പോയി നേതൃത്വത്തെ വെട്ടിലാക്കാനില്ല എന്ന നിലപാട് എടുത്തു. ഇതേ കാര്യം നേരത്തേ ഷാഫി പറമ്പില്‍ യുവതിയില്‍നിന്ന് എഴുതിവാങ്ങിയിരുന്നു.
വിമാന ഗൂഢാലോചനയും ക്യാമ്പ് പീഡനവും പുറത്തുവന്നത് യൂത്ത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധത്തിന്റെ ഭാഗമാണ്. എന്നാല്‍, യഥാര്‍ഥ പ്രതികളെ സംരക്ഷിക്കുകയാണ് ഷാഫിയെന്നാണ് പരാതി. ഗ്രൂപ്പില്‍ പറയുന്നത് പുറത്തുവിടരുത് എന്ന് നുസൂര്‍ പറയുന്ന ഓഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.