കൊച്ചി> ലക്ഷദ്വീപിന്റെ ആത്മാവിനെ ഒപ്പിയെടുത്ത ഐഷാ സുല്‍ത്താനയുടെ പുതിയ ചിത്രം ഫ്ളഷിന്റെ ട്രെയ്ലര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പൂര്‍ണ്ണമായും ലക്ഷദ്വീപില്‍ ചിത്രീകരിച്ച ഫ്ളഷ് ഉടനെ പ്രേക്ഷകരിലെത്തും. സ്വന്തം നാടിന് വേണ്ടി പോരാടി രാജ്യാന്തര ശ്രദ്ധ നേടിയ നടിയും മോഡലും സംവിധായികയുമാണ് ഐഷാ സുല്‍ത്താന. ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യസംവിധായിക കൂടിയാണ് ഐഷ.
ലക്ഷദ്വീപിന്റെ ജീവനും ജീവിതവുമാണ് ഫ്ളഷിന്റെ ഇതിവൃത്തം. പ്രകൃതി സൗന്ദര്യം കൊണ്ട് ലോകപ്രശസ്തമായ ലക്ഷദ്വീപിന്റെ സൗന്ദര്യം ഫ്ളഷില്‍ ഒപ്പിയെടുത്തിട്ടുണ്ട്. ലക്ഷദ്വീപിന്റെ രാഷ്ട്രീയം, പരിസ്ഥിതി, സംസ്ക്കാരം തുടങ്ങിയവയെല്ലാം ഫ്ളഷില്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് ഐഷാ സുല്‍ത്താന പറഞ്ഞു. ഏറെ പിന്നോക്കം നില്ക്കുന്ന ജനവിഭാഗമാണ് ലക്ഷദ്വീപിലേത്. ഒട്ടേറെ സാമൂഹ്യ, രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിടുന്നവരാണ് ലക്ഷദ്വീപ് നിവാസികള്‍. ഞാന്‍ ഉള്‍പ്പെടുന്ന ആ സമൂഹത്തിന്റെ ജീവിതമാണ് ഫ്ളഷിലൂടെ ഞാന്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ഞങ്ങളുടെ സമൂഹത്തിന്റെ ആശങ്കകള്‍ കൂടി ഈ ചിത്രം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നുണ്ട്. ഐഷ സുല്‍ത്താന പറഞ്ഞു.
പുതുമുഖ താരങ്ങളെയും ദ്വീപ് നിവാസികളെയും ഉള്‍പ്പെടുത്തിയാണ് ഫ്ളഷ് ചിത്രീകരിച്ചിരിക്കുന്നത്. ഏറെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് ഒരു ജീവിതഗന്ധിയായ ചിത്രമാണ് ഫ്ളഷ്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീനാ കാസിം നിര്‍മ്മിച്ചിരിക്കുന്ന ഫ്ളഷിന്റെ ക്യാമറ കെ ജെ രതീഷാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് – നൗഫല്‍ അബ്ദുള്ള, സംഗീതം- വില്യം ഫ്രാന്‍സിസ്, കൈലാഷ് മേനോന്, പി ആര് ഒ- പി ആര് സുമേരന്‍.