തൃശ്ശൂര് > മത്സരയോട്ടം നടത്തിയ ഥാർ ടാക്സി കാറിലിടിച്ച് ഗുരുവായൂര് ദര്ശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിലെ ഒരാള് മരിച്ചു. പാടൂക്കാട് രമ്യ നിവാസില് രവിശങ്കര് (67) ആണ് മരിച്ചത്. കൊട്ടേക്കാട് സെന്ററില് ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. ഥാര്, ബിഎംഡബ്ള്യു. വാഹനങ്ങളാണ് മത്സരിച്ചോടിയതെന്ന് പൊലീസ് പറഞ്ഞു.
എതിര്ദിശയില് നിന്നുവന്ന ഥാര് കാറില് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില് പരിക്കേറ്റ രവിശങ്കറെ ദയ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന രവിശങ്കറിന്റെ ഭാര്യ മായ (61), മകള് വിദ്യ (35), പേരക്കുട്ടി നാലു വയസ്സുകാരി ഗായത്രി, കാര് ഡ്രൈവര് ഇരവിമംഗലം മൂര്ക്കാട്ടില് രാജന് എന്നിവര്ക്ക് പരിക്കേറ്റു. ഇതില് വിദ്യയുടെയും മായയുടെയും പരിക്ക് ഗുരുതരമാണ്.















