തിരുവനന്തപുരം
കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ വാനര വസൂരി ബാധിത രാജ്യങ്ങളിൽനിന്ന് വന്നവരിൽ ശരീരത്തിൽ ചുവന്ന പാടുകൾ, പനി, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായാൽ വാനര വസൂരിയെന്ന് സംശയിക്കണമെന്ന് ആരോഗ്യവകുപ്പ്. ഔദ്യോഗിക നടപടി ക്രമം (എസ്ഒപി) പുറത്തിറക്കി. എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും ഇത് പിന്തുടരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പിപിഇ കിറ്റിടാതെ രോഗിയുമായി ഇടപെടുക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക തുടങ്ങിയവയിലൂടെ രോഗം പകരും. രോഗബാധിതരെന്ന് സംശയിക്കുന്നവരെയും സാധ്യതയുള്ളവരെയും വെവ്വേറെ ചികിത്സിക്കണം. രോഗിയെ സമ്പർക്കവിലക്കിലാക്കിയശേഷം ജില്ലാ സർവൈലൻസ് ഓഫീസറെ (ഡിഎസ്ഒ) അറിയിക്കണം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മാർഗനിർദേശപ്രകാരം സാമ്പിളുകൾ ശേഖരിക്കണം. ഈ സാമ്പിളുകൾ ലാബിൽ അയക്കാനുള്ള ചുമതല ഡിഎസ്ഒയ്ക്കായിരിക്കും.
എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തെർമൽ സ്കാനർ ഉണ്ട്. വിദേശത്തുനിന്ന് വരുന്ന യാത്രക്കാരിൽ പനിയുണ്ടെന്ന് കണ്ടെത്തിയാൽ അവരുടെ ദേഹത്ത് ചുവന്ന പാടുകൾ ഉണ്ടോയെന്ന് മെഡിക്കൽ സംഘം പരിശോധിക്കും. പാടുകളുണ്ടെങ്കിൽ ഡിഎസ്ഒയുമായി ബന്ധപ്പെട്ട് ഐസൊലേഷൻ സൗകര്യമുള്ള അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റും.
പ്രധാന നിർദേശങ്ങൾ
● ഐസൊലേഷൻ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ എത്തുന്ന രോഗികളെ അവർ ആവശ്യപ്പെട്ടാൽമാത്രം സർക്കാർ ആശുപത്രികളിലേക്ക് മാറ്റണം
● ഐസൊലേഷൻ സൗകര്യമുള്ള സർക്കാർ ആശുപത്രിയിൽനിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികളെമാത്രമേ മെഡിക്കൽ കോളേജുകളിലേക്ക് മാറ്റാവൂ.
● ചികിത്സ സംബന്ധിച്ച് സംശയമുണ്ടെങ്കിൽ, സംസ്ഥാന മെഡിക്കൽ ബോർഡുമായി ബന്ധപ്പെടണം
● ആംബുലൻസിൽ പിപിഇ കിറ്റ്, എൻ 95 മാസ്ക്, ഗ്ലൗസ്, കണ്ണട എന്നിവ ധരിക്കണം
● ഡിഎസ്ഒയുടെ നിർദേശപ്രകാരം മാത്രമേ ഒരാളെ കൊണ്ടുപോകാവൂ. രോഗി എൻ 95 മാസ്കോ ട്രിപ്പിൾ ലെയർ മാസ്കോ ധരിക്കണം. മുറിവുകളുണ്ടെങ്കിൽ അത് മൂടത്തക്കവിധം വസ്ത്രം പുതപ്പിക്കണം. ആംബുലൻസും ഉപകരണങ്ങളും അണുവിമുക്തമാക്കണം
മങ്കിപോക്സിൽ ആശങ്ക വേണ്ട: മന്ത്രി
സംസ്ഥാനത്ത് മങ്കിപോക്സുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡോ. സുജിത്ത് വിജയൻ പിള്ളയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ആലപ്പുഴയിൽ സംശയിക്കപ്പെട്ടയാൾ നെഗറ്റീവാണ്. കൊല്ലത്തെ രോഗിയുടെ പ്രാഥമിക സമ്പർക്കപട്ടികയിലുള്ളവരുടെ ഫലം നെഗറ്റീവാണ്. രോഗംസ്ഥിരീകരിച്ച രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. കോൺടാക്ടിൽ ആർക്കും രോഗലക്ഷണങ്ങളില്ല. യൂറോപ്യൻ രാജ്യങ്ങളിൽ മങ്കിപോക്സ് എല്ലാ ജില്ലയ്ക്കും ജാഗ്രതാനിർദേശം നൽകി നിരീക്ഷണം ശക്തമാക്കി. ആദ്യ പോസിറ്റീവ് കേസിൽനിന്നുള്ള സാമ്പിൾ പരിശോധനയിൽ വെസ്റ്റ് ആഫ്രിക്കൻ സ്ട്രെയിൻ വിഭാഗത്തിലെ വൈറസാണെന്നാണ് റിപ്പോർട്ട്. ഇത് താരതമ്യേന പകർച്ച കുറവുള്ളതാണ്. കേന്ദ്ര സംഘം സംസ്ഥാനത്തെത്തിയിരുന്നു. ആരോഗ്യവകുപ്പിന്റെ നടപടികളിൽ പൂർണ തൃപ്തിയാണ് അവർക്കുള്ളതെന്നും മന്ത്രി പറഞ്ഞു.















