തിരുവനന്തപുരം
കേരളത്തിന്റെ നിർദേശങ്ങളെല്ലാം അവഗണിച്ചാണ് ജിഎസ്ടി വർധന കേന്ദ്രം നടപ്പാക്കിയതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
അരിയും ഗോതമ്പുമടക്കമുള്ള നിത്യോപയോഗ വസ്തുക്കൾക്ക് ജിഎസ്ടി ബാധകമാക്കിയത് കേരളത്തിന്റെയും പിന്തുണയോടെയെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രചാരണം പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി കൗൺസിലിലും നിരക്ക് പരിഷ്കരണം പഠിക്കുന്ന മന്ത്രിതല സമിതിയിലും നിത്യോപയോഗ വസ്തുക്കൾക്ക് വില വർധിപ്പിക്കരുതെന്നാണ് കേരളം ആവശ്യപ്പെട്ടത്. നിത്യോപയോഗ സാധനങ്ങൾക്ക് നികുതി വർധിപ്പിക്കരുതെന്നും ആഡംബര സാധനങ്ങളുടെ നികുതിയാണ് വർധിപ്പിക്കേണ്ടതെന്നും കേരളം വ്യക്തമാക്കിയിരുന്നു. അരിക്കും പയറുവർഗങ്ങൾക്കുമടക്കം വില വർധിക്കുന്നതിൽ രാജ്യത്താകെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര ധനമന്ത്രിയുടെ അടിസ്ഥാനരഹിത പ്രചാരണം. നികുതിവരുമാന ഇടിവാണ് നിരക്ക് വർധനയ്ക്ക് ന്യായീകരണമാക്കുന്നത്. അതേസമയം ആഡംബര സാധനങ്ങളുടെ നികുതി പടിപടിയായി കുറയ്ക്കുകയാണ് കേന്ദ്ര സർക്കാർ. ആഡംബര സാധന നികുതി കുറച്ചതോടെ സംസ്ഥാനങ്ങളുടെ വരുമാനം കുത്തനെ ഇടിഞ്ഞു. ഈ പ്രശ്നവും കൗൺസിലിൽ കേരളം ചൂണ്ടിക്കാണിച്ചു.
ആഡംബരവസ്തുക്കളുടെ 28 ശതമാനം നികുതി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്നേ കേന്ദ്രസർക്കാർ മുൻകൈ എടുത്ത് 18 ശതമാനമാക്കി. ഈ നികുതി കുറവുമൂലം ജിഎസ്ടി നിരക്കുകൾ റവന്യു ന്യൂട്രൽ അല്ലാതായി. ഈ അവസ്ഥ പരിഹരിക്കാനാണ് ഇപ്പോൾ ഭക്ഷ്യവസ്തുക്കളുടെ നികുതി ഉയർത്തുന്നത്. അഞ്ചു ശതമാനം നികുതിവർധന വിലക്കയറ്റത്തിന് ആക്കംകൂട്ടുമെന്നും കേരളം വ്യക്തമാക്കിയിരുന്നു.