തൃശൂർ
കൊടകര കുഴൽപ്പണക്കടത്തുകേസിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷമായിട്ടും കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെടുക്കുന്നില്ല. തെരഞ്ഞെടുപ്പിനായി ബിജെപി ഇറക്കിയ മൂന്നരക്കോടിരൂപയുടെ കുഴൽപ്പണം കൊടകരയിൽ കവർന്ന കേസിൽ വൻ ഹവാല ഇടപാടാണ് കേരള പൊലീസ് കണ്ടെത്തിയത്.
കവർച്ചസംഘത്തെയും അറസ്റ്റ് ചെയ്തു. കള്ളപ്പണനിരോധന നിയമപ്രകാരം കുഴൽപണമിടപാട് അന്വേഷിക്കേണ്ട ചുമതല ഇഡിക്കായതിനാലാണ് വിശദമായ റിപ്പോർട്ട് അന്വേഷകസംഘം സമർപ്പിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അറിവോടെ ഒമ്പത് ജില്ലകളിലായി നിയമസഭാ തെരഞ്ഞെടുപ്പിൽ 41.4 കോടിയും തദ്ദേശ തെരഞ്ഞെടുപ്പിൽ 12 കോടിയും ഉൾപ്പെടെ 53.40 കോടി രൂപയുടെ കുഴൽപ്പണ ഇടപാട് നടന്നതായി അന്വേഷകസംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. കുറ്റപത്രത്തിന്റെ കോപ്പിയും ഇഡിക്ക് സമർപ്പിച്ചിരുന്നു.
2021 ജൂലൈ 23നാണ് അന്വേഷകസംഘം മേധാവി എസിപി വി കെ രാജു ഇരിങ്ങാലക്കുട ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കൊച്ചി എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർക്കും റിപ്പോർട്ട് സമർപ്പിച്ചു. പണമിറക്കിയത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന സൂചന ലഭിച്ചതിനാൽ തെരഞ്ഞെടുപ്പു കമീഷനും പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നതിന് ആദായനികുതി വകുപ്പിനും റിപ്പോർട്ട് നൽകി.
കുഴൽപ്പണമിടപാട് ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൽജെഡി സംസ്ഥാന സൈക്രട്ടറി സലീം മടവൂർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയം പരിശോധിച്ചുവരികയാണെന്നും നടപടിയെടുക്കുമെന്നും 2021 നവംബർ 22ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. തുടർനടപടിയുണ്ടായില്ല. ബിജെപി നേതാക്കളുൾപ്പെടെ പിടിയിലാകുമെന്നതിനാൽ നടപടിയെടുക്കാൻ ഇഡിക്ക് മടിയാണെന്ന് സലീം മടവൂർ പറഞ്ഞു. കർണാടകത്തിൽനിന്ന് കൊണ്ടുവന്ന പണമാണ് കൊടകരയിൽ കവർന്നത്. ധർമരാജൻ എന്ന ഏജന്റ് വഴി ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർക്ക് എത്തിക്കാനുള്ളതായിരുന്നു ഈ പണം. 2021 ഏപ്രിൽ മൂന്നിന് പുലർച്ചെയായിരുന്നു കവർച്ച.
ഏപ്രിൽ ആറിന് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം ഏഴിനാണ് കൊടകര പൊലീസിൽ പരാതി നൽകിയത്. ആദ്യം 25 ലക്ഷം നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. അന്വേഷണത്തിൽ കൂടുതൽ സംഖ്യ കണ്ടെടുത്തതോടെയാണ് കുഴൽപ്പണക്കേസ് പുറത്തുവന്നത്.