ലഖ്നൗ > യുപിയിൽ യോഗി സർക്കാരിന് തിരിച്ചടിയായി മന്ത്രിയുടെ രാജി. ദളിതനായതിനാൽ തന്നെ മാറ്റിനിർത്തുന്നു എന്നാരോപിച്ചാണ് ജലവിഭവ മന്ത്രി ദിനേശ് ഖതിക് രാജിവച്ചത്. ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയെ കൊണ്ടുവരുന്ന ബിജെപിയുടെ യഥാർത്ഥ മുഖം വെളിവാക്കുന്നതായി ഈ സംഭവം. രണ്ടാം തവണയും അധികാരത്തിലെത്തിയ ബിജെപിക്ക് ദളിത് സമുദായത്തിൽ നിന്നുള്ള ഒരു മന്ത്രി രാജിവച്ചത് വൻ തിരിച്ചടിയാണ്.
“ദളിതനായതിനാൽ എനിക്ക് ഒരു പ്രാധാന്യവും നൽകിയില്ല. മന്ത്രി എന്ന നിലയിൽ അധികാരമില്ല. എന്നെ ഒരു യോഗത്തിനും വിളിച്ചിട്ടില്ല. എന്റെ വകുപ്പിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ഇത് ദലിത് സമൂഹത്തെ തന്നെ അപമാനിക്കലാണ്’ – ഖതിക് അമിത് ഷായ്ക്ക് അയച്ച കത്തിൽ പറഞ്ഞു.
കഴിഞ്ഞ 100 ദിവസമായി തനിക്ക് ഒരു ജോലിയും നൽകിയിട്ടില്ലെന്ന് അമിത് ഷായ്ക്ക് അയച്ച കത്തിൽ ഖതിക് പറയുന്നു. ഇത് ഒരുപാട് വേദനിപ്പിച്ചു. അതുകൊണ്ടാണ് ഞാൻ രാജിവയ്ക്കുന്നതെന്നും വകുപ്പുതല സ്ഥലം മാറ്റത്തിൽ ക്രമക്കേടുണ്ടെന്നും ഖതിക് ആരോപിച്ചു.