ലണ്ടൻ
ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിനമായിരുന്നു ചൊവ്വാഴ്ച. ലിങ്കൺഷയറിലെ കൊണിങ്സ്ബിയിൽ 40.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 2019ൽ കേംബ്രിഡ്ജ് ബൊട്ടാണിക്കൽ ഗാർഡനിൽ രേഖപ്പെടുത്തിയ 38.7 ഡിഗ്രിയായിരുന്നു അതിനുമുമ്പുള്ള റെക്കോഡ്. ഇത് ചൊവ്വാഴ്ച സറേയും (39 ഡിഗ്രി) ഹീത്രൂവും (40.2) തിരുത്തിയിരുന്നു. പിന്നാലെയാണ് കൊണിങ്സ്ബി പുതിയ റെക്കോഡ് ഇട്ടത്. ലണ്ടനിൽ പലയിടത്തും തീപിടിത്തമുണ്ടായി.
വരുംദിനങ്ങളിലും ഉഷ്ണതരംഗ സാധ്യതയാണ് കാലാവസ്ഥാ വിഭാഗം പ്രവചിക്കുന്നത്. മധ്യ, വടക്കൻ, തെക്കുകിഴക്കൻ ഇംഗ്ലണ്ടിലും ലണ്ടനിലും ജീവഹാനിക്ക് ഇടയാകുംവിധം താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. ചൂടിൽനിന്ന് രക്ഷതേടി പുഴയിലും തടാകത്തിലും ചാടിയ അഞ്ചുപേർ മുങ്ങിമരിച്ചതായും റിപ്പോർട്ടുണ്ട്.
കടുത്ത ചൂടിൽ റെയിൽപ്പാളങ്ങൾ സുരക്ഷിതമല്ലാതായതോടെ നെറ്റ്വർക്ക് റെയിൽ യാത്ര വിലക്കി ബോർഡുകൾ സ്ഥാപിച്ചു. റൺവേ ചൂടുപിടിച്ചതിനെത്തുടർന്ന് ലൂട്ടൺ, റോയൽ എയർഫോഴ്സ് ബ്രൈസ് നോർട്ടൺ വിമാനത്താവളങ്ങളിൽനിന്ന് വിമാനങ്ങൾ തിരിച്ചുവിട്ടു. ഫ്രാൻസ്, പോർച്ചുഗൽ, സ്പെയിൻ, ഗ്രീസ് എന്നിവിടങ്ങളിൽ കാട്ടുതീ പടരുകയാണ്.