ന്യൂഡൽഹി> പ്രവാചകനിന്ദ നടത്തിയ ബിജെപി നേതാവ് നൂപുർശർമയ്ക്ക് എതിരെ വിവിധസംസ്ഥാനങ്ങളിൽ എടുത്തിട്ടുള്ള കേസുകളിൽ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മെയ് 26ന് സംപ്രേക്ഷണം ചെയ്ത ടിവി ചർച്ചയിൽ പ്രവാചകനെ നൂപുർശർമ നിന്ദിച്ചെന്ന പരാതികളിൽ എടുത്തിട്ടുള്ള കേസുകളിലെ അറസ്റ്റാണ് തടഞ്ഞത്. ഇതേ വിഷയത്തിൽ ഭാവിയിൽ എടുക്കാനിടയുള്ള കേസുകളിലും അറസ്റ്റ് പാടില്ലെന്ന നിർദേശവും സുപ്രീംകോടതി പുറപ്പെടുവിച്ചു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പർധിവാല എന്നിവർ അംഗങ്ങളായ ബെഞ്ചാണ് നൂപുർശർമയുടെ അറസ്റ്റ് തടഞ്ഞത്. ജൂലൈ ഒന്നിന് നൂപുർശർമയെ അതിരൂക്ഷമായി വിമർശിച്ചതും ഇതേബെഞ്ചായിരുന്നു. പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾക്ക് പിന്നാലെ രാജ്യത്ത് നടന്ന അക്രമസംഭവങ്ങളുടെ മുഴുവൻ ഉത്തരവാദിത്വവും നൂപുർശർമയ്ക്ക് ആണെന്നായിരുന്നു കോടതി വിമർശം. വിമർശനങ്ങൾക്ക് പിന്നാലെ രണ്ട് ജഡ്ജിമാർക്കും എതിരെ സംഘപരിവാർ അനുകൂലികൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ജഡ്ജിമാരെ കടന്നാക്രമിച്ചിരുന്നു. ജഡ്ജിമാരെ ഔദ്യോഗിക ചുമതലകളിൽ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അനുഭാവികളായ നിരവധി മുൻ ജഡ്ജിമാരും ഉദ്യോഗസ്ഥരും ചീഫ്ജസ്റ്റിസിന് കത്തും നൽകി. സംഘപരിവാർ അനുകൂല മാധ്യമങ്ങളും ജഡ്ജിമാർക്ക് എതിരെ വാർത്തകൾ നൽകി.
ജൂലൈ ഒന്നിന് തനിക്ക് എതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള നൂപുർശർമയുടെ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. എന്നാൽ, തന്റെ മുൻഹർജിയിലെ ആവശ്യങ്ങൾ വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അവർ പുതിയ അപേക്ഷ സമർപ്പിച്ചു. ചൊവ്വാഴ്ച്ച ഈ അപേക്ഷ പരിഗണിച്ച കോടതി, നൂപുർശർമയുടെ അറസ്റ്റ് തടഞ്ഞു. നൂപുർശർമയുടെ സുരക്ഷ ഉറപ്പുവരുത്തുകയെന്ന കാര്യത്തിനാണ് പരിഗണന നൽകുന്നതെന്ന് ജഡ്ജിമാർ നിരീക്ഷിച്ചു. സുരക്ഷ ഉറപ്പാക്കണമെന്ന അവരുടെ ആവശ്യത്തിൽ കേന്ദ്രത്തിനും കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സംസ്ഥാനങ്ങൾക്കും നോട്ടീസ് അയക്കാനും സുപ്രീംകോടതി നിർദേശിച്ചു. നൂപുർശർമയ്ക്ക് എതിരെ മഹാരാഷ്ട്ര,തെലങ്കാന, പശ്ചിമബംഗാൾ, കർണാടകം, ഉത്തർപ്രദേശ്, അസം, ജമ്മുകശ്മീർ, ഡൽഹി എന്നിവിടങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.