കൊച്ചി> പകുതി നിരക്കില്‍ ടിക്കറ്റുമായി ‘കുറി’ സിനിമ 22-ന് തീയറ്ററുകളിലെത്തും. ആദ്യ ഒരാഴ്ചത്തെ പ്രദര്‍ശനത്തിലാണ് പകുതി നിരക്കില്‍ ടിക്കറ്റ് നല്‍കുന്നത്. മൂന്നോ അതിലേറെയോ ആളുകളുമായി തിയേറ്ററിലെത്തുന്നവര്‍ക്കാണ് പകുതി നിരക്കില്‍ ടിക്കറ്റ് ലഭിക്കുകയെന്ന് സിനിമയുടെ നിര്‍മാതാക്കളായ കോക്കേഴ്സ് മീഡിയ എന്റര്‍പ്രൈസസിന്റെ സിയാദ് കോക്കര്‍ പറഞ്ഞു.
പ്രതിസന്ധിയിലായ മലയാള സിനിമയെ കരകയറ്റുകയാണ് പുതിയ പരീക്ഷണത്തിന്റെ ലക്ഷ്യം. കഥയും അവതരണവും മികച്ചതാണെങ്കിലും ചെറിയ ബജറ്റിലെത്തുന്ന ചിത്രങ്ങള്‍ തിയേറ്ററുകളില്‍ തഴയപ്പെടുകയാണ്. തിയേറ്ററുകളിലേക്ക് ആളുകളെ തിരികെയെത്തിക്കാന്‍ സാധ്യമായ എല്ലാ പരീക്ഷണങ്ങളും നടത്തേണ്ട കാലമാണിത്. കഴിഞ്ഞ ദിവസം എറണാകുളത്തു നടന്ന സിനിമാ സംഘടനകളുടെ യോഗത്തില്‍ ഈ ആശയം ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ ആദ്യപടിയെന്ന നിലയിലാണ് കോക്കേഴ്സ് നിര്‍മിക്കുന്ന സിനിമയായ ‘കുറി’യുടെ ടിക്കറ്റില്‍ പരീക്ഷണം കൊണ്ടുവരുന്നതെന്നു ചിത്രത്തിന്റെ നിര്‍മാതാവും സിയാദ് കോക്കറുടെ മകളുമായ ഷെര്മീന് കോക്കര്‍ പറഞ്ഞു.
കെ ആര് പ്രവീണ്‍ സംവിധാനം ചെയ്യുന്ന ‘കുറി’യില്‍ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകന്. സുരഭി ലക്ഷ്മിയാണ് നായിക.