കൊളംബോ
ശ്രീലങ്കയിലേതിന് സമാനമായ കടക്കെണിയിലും സാമ്പത്തിക പ്രതിസന്ധിയിലുമാണ് മറ്റ് ചില ഏഷ്യന്‍ രാജ്യങ്ങൾ.
ലാവോസ്
മാസങ്ങളായി കടം തിരിച്ചടയ്ക്കാനാകാത്തവിധം കടക്കെണിയിലാണ് കിഴക്കേഷ്യൻ രാജ്യമായ ലാവോസ്. ഉക്രയ്ൻ യുദ്ധത്തോടെ ഇന്ധനക്ഷാമം രൂക്ഷം. ഭക്ഷ്യവസ്തുക്കളുടെയടക്കം വില കുതിച്ചുയരുന്നു. ലാവോസ് കറൻസിയായ കിപ്പിന്റെ മൂല്യം ഇടിഞ്ഞു. 2021ൽ പൊതുകടം ജിഡിപിയുടെ 88 ശതമാനം ആയി.
പാകിസ്ഥാൻ
മെയ് മാസത്തിനുശേഷം ഇന്ധനവിലയിൽ 90 ശതമാനം വർധന. അന്താരാഷ്ട്ര നാണ്യനിധിയുടെ നിബന്ധന പാലിച്ച് സർക്കാർ ഇന്ധന സബ്സിഡി എടുത്തുകളഞ്ഞതോടെയാണ് ഇത്. അവശ്യസാധന വില കുതിച്ചു. വാർഷിക പണപ്പെരുപ്പം 13 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്–- 21.3 ശതമാനം. ഒരു വർഷത്തേക്ക് വൻകിട വ്യവസായസ്ഥാപനങ്ങൾക്ക് പത്തുശതമാനം നികുതി ഏർപ്പെടുത്തി.
മാലദ്വീപ്
പൊതുകടം ജിഡിപിയുടെ 100 ശതമാനം. വിനോദസഞ്ചാരമേഖല നിശ്ചലമായത് വന്‍തിരിച്ചടിയായി. 2023 ഓടെ കടം തിരിച്ചടയ്ക്കാനാകാത്തവിധം പ്രതിസന്ധിയിലാകുമെന്നാണ് പ്രവചനം.
ബംഗ്ലാദേശ്
മേയിൽ പണപ്പെരുപ്പം 7.42 ശതമാനമായി–- എട്ടുവർഷത്തെ ഉയർന്ന നിരക്ക്. വിദേശനാണ്യശേഖരത്തില്‍ വൻ ഇടിവ്. അവശ്യവസ്തുക്കൾ ഒഴികെയുള്ളവയുടെ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തി.